ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ശക്തമായ മഴ സൃഷ്ടിച്ച സ്റ്റോം ക്ലൗഡിയയുടെ പ്രഭാവം ശനിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത ഉയർന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾക്ക് മെറ്റ് ഓഫീസ് യെല്ലോ റെയിൻ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയുടെയും പ്രളയസാധ്യതയുടെയും പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് യാത്രാ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്.

ആഴ്ചാന്ത്യം കഴിഞ്ഞാൽ താപനില മൈനസിലേക്ക് താഴാനാണ് സാധ്യത. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള കാലയളവിൽ വടക്കൻ ഇംഗ്ലണ്ടും മിഡ്‌ലാൻഡ്സും ഉൾപ്പെടെ തണുപ്പ് കടുത്തേക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് . ചില മേഖലകളിൽ ഒരു മാസത്തേക്ക് ലഭിക്കേണ്ട മഴ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരോളജിസ്റ്റ് മാത്ത്യൂ ലെഹ്നർട്ട് പറഞ്ഞു. വെസ്റ്റ് മിഡ്ലാൻഡ്സിലെ ബ്യൂഡ്ലിയിൽ വെള്ളപ്പൊക്ക പ്രതിരോധനടപടികൾ തുടങ്ങിയത് കൂടാതെ ശ്രൂസ്ബറിയിലും അടിയന്തിര സഹായ സന്നാഹങ്ങൾ ഒരുക്കുകയാണ്.

സ്റ്റോം ക്ലൗഡിയയുടെ പ്രഭാവം യാത്രാസൗകര്യങ്ങളെയും പരിപാടികളെയും ഗുരുതരമായി ബാധിച്ചു. ലണ്ടൻ പാഡിങ്ടൺ–ബ്രിസ്റ്റൾ–സ്വാൻസി റൂട്ടുകൾ ഉൾപ്പെടെ നിരവധി റെയിൽ പാതകളിൽ വെള്ളം കയറിയതോടെ അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ സർവീസുകളിൽ താമസവും റദ്ദാക്കലും ഉണ്ടാകുമെന്ന് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കൂടുതലായതിനാൽ യാത്ര ഒഴിവാക്കണമെന്ന് എ.എയും ആർ.എ.സിയും ഉപദേശിച്ചു. മാഞ്ചസ്റ്ററിലെ ലാപ്‌ലാൻഡ് യു കെ ഉൾപ്പെടെ ചില ഇവന്റുകൾ മരങ്ങൾ വീണതിനെ തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. അടുത്ത വർഷം വരൾച്ച ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ആവശ്യത്തിന് ശീതകാല മഴ ലഭിക്കണമെന്നുമാണ് പരിസ്ഥിതി ഏജൻസിയുടെ മുന്നറിയിപ്പ്.











Leave a Reply