ജിമ്മി മൂലംകുന്നം
മലയാളം യുകെ ന്യൂസ് ടീം

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരിതെളിഞ്ഞു. ആയിരക്കണക്കിന് വനിതകളെ സാക്ഷിനിര്‍ത്തി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി സമ്മേളനം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീകര്‍, സന്യസ്തര്‍ വിമന്‍സ് ഫോറം ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ രൂപതാധ്യക്ഷനോടൊപ്പം ചേര്‍ന്നു.

രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.’