ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോം ക്ലോഡിയയുടെ സംഹാര താണ്ഡവം വെസ്റ്റ് മിഡ്‌ലാൻഡ്സിലുടനീളം ജന ജീവിതത്തെ കാര്യമായി ബാധിച്ചു. നിരന്തരമായി പെയ്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ റോഡുകൾ പൂർണ്ണമായും മുങ്ങി, ചില സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് സർവീസുകൾ തടസ്സപ്പെട്ടു.സ്ട്രാറ്റ്‌ഫോർഡും ഹാൾ ഗ്രീനും പോലുള്ള മേഖലകളിൽ വെള്ളത്തിന്റെ ഉയരം നാല് അടി വരെ എത്തി. പല പരിപാടികളും സുരക്ഷാ പ്രശ്നങ്ങൾ കാരണം അവസാന നിമിഷത്തിൽ റദ്ദാക്കേണ്ടിവന്നു. കാലാവസ്ഥാ വകുപ്പ് നൽകിയ യെല്ലോ മുന്നറിയിപ്പ് തുടരുന്നതിനാൽ ആളുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഹെറിഫോർഡ്ഷെയറിലെ എവിയാസ് ഹാരോൾഡ് ഗ്രാമം ഏറ്റവും ഗുരുതരമായി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ഗ്രാമത്തിലൂടെ ഒഴുകിയ വെള്ളം “നദിപോലെ” ആയിരുന്നു എന്നും ഗ്രാമത്തിലെ ഫയർ സ്റ്റേഷൻ അറിയിച്ചു. വീടുകളും സ്ഥാപനങ്ങളും വൻ നാശനഷ്ടങ്ങൾ അനുഭവിക്കുകയും കടകളിലെ സാധനങ്ങൾ വെള്ളത്തിൽ കേടാകുകയും ചെയ്തു. മുഴുവൻ രാത്രി അഗ്നിശമനസേന പ്രവർത്തിച്ചതിനുശേഷം ശനിയാഴ്ച സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ചില സ്ഥാപനങ്ങൾ ജനങ്ങളുടെ സഹായത്തോടെ വേഗത്തിൽ ശുചീകരണം ആരംഭിച്ചു.

വുസ്‌റ്റർഷെയർ, വോർവിക്ഷെയർ എന്നീ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മരങ്ങൾ കടപുഴകിയത് മൂലം പല വഴികളും അടച്ചിടേണ്ടി വന്നു. കെന്നിൽവർത്ത് ഫോർഡിൽ വെള്ളം നാല് അടി വരെ ഉയർന്നതോടെ പോലീസ് യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ലിമിംഗ്ടൺ സ്പായിൽ രണ്ട് കാറുകൾ വെള്ളത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ ഇടപെട്ടാണ് ആളുകളെ രക്ഷപെടുത്തിയത് . ചില ഭാഗങ്ങളിൽ ട്രെയിൻ പാളങ്ങളിൽ മരങ്ങൾ വീണതും വൈദ്യുതി ലൈനുകൾ തകരാറിലായതും കാരണം ട്രെയിൻ സർവീസുകൾ പൂർണമായും താളം തെറ്റി. പല സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്, മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.











Leave a Reply