ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡൊമിനിക് കമിങ്സ് രാജി വച്ചതിനെ തുടർന്ന് ആഘോഷ സൂചകമായി ബോറിസ് ജോൺസന്റെ കാമുകി ആയിരിക്കുന്ന കാരി സിമൻഡ്സ് പാർട്ടി നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കാരി പ്രധാനമന്ത്രിയുടെ ഒപ്പം താമസിക്കുന്ന ഭവനത്തിൽ വച്ച് തന്നെയാണ് പാർട്ടി നടന്നതായി റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ അത്തരത്തിൽ ഒരു പാർട്ടിയും നടന്നിട്ടില്ല എന്ന് സിമൻഡ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. സിമൻഡ്സ്സുമായുള്ള സ്വരച്ചേർച്ചയില്ലായ്മയെ തുടർന്നാണ് ഡൊമിനിക് കമിങ്സ് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളിൽ വൻ സ്വാധീനമാണ് സിമൻഡ്നുള്ളത്. അത് ഡൊമിനിക്കിന്റെ രാജയിയിലും പ്രതിഫലിക്കുന്നുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഈയാഴ്ച്ച എംപിമാരെ കാണുന്നുണ്ട്. വർദ്ധിച്ചു വരുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഇത്. തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്നതിനായി, പ്രധാനമന്ത്രി ജനങ്ങൾക്ക്, പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച വടക്കൻ മേഖലയിലുള്ള സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടു എന്നുള്ള ആരോപണങ്ങൾക്ക് ഇടയിലാണ് പുതിയ വിവാദം ഉയർന്നു വന്നത്. അത് ഗവൺമെന്റിൻെറ പ്രതിച്ഛായയെ തന്നെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ പ്രധാനമന്ത്രി ഈ കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടുന്നില്ലെന്നും, രാജ്യത്തിന്റെ പുരോഗമനത്തിനും, ഉന്നമനത്തിനുമായുള്ള തീരുമാനങ്ങളെടുക്കുന്ന തിരക്കിലാണ് അദ്ദേഹം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.