ജോസ്‌ന സാബു സെബാസ്റ്റ്യൻ
നൂറ്റാണ്ടുകൾക്ക് മുൻപേ പെണ്ണുങ്ങൾക്കായി മാത്രം വരച്ചു വെച്ച ലക്ഷ്മണരേഖ എന്ന ചിന്താഗതിക്ക് ഇന്നും നമ്മുടെ സമൂഹത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഒരു സ്ത്രീയുടെ സ്വഭാവത്തെയും ജീവിതത്തെയും വിലയിരുത്താനുള്ള അളവുകോലായി ഈ അദൃശ്യമായ വര ഇന്നും നിലനിൽക്കുന്നു. എന്നാൽ, ഇതിലും ഭീകരമായ സത്യം, ഇന്ന് ആ രേഖ മായ്ച്ചു കളയുന്നത് പലപ്പോഴും ഭർത്താക്കന്മാരുടെ നാവുകൾ കൊണ്ടുതന്നെ ആണെന്നതാണ്. അടുത്തിടെ വാർത്തകളിൽ വന്ന ചില വ്യക്തിപരമായ വിഷയങ്ങൾ മാരിയോ ജിജി കേസ് പോലുള്ളവ ഈ പറഞ്ഞ സത്യം വീണ്ടും സത്യമാണെന്ന് പറഞ്ഞുറപ്പിക്കുകയാണ് …
ഒരു ഭർത്താവ് സ്വന്തം പങ്കാളിയെ താഴ്ത്തിക്കെട്ടാൻ സമൂഹത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ എത്ര ഭീകരമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയെ ഇല്ലാതാക്കാൻ പുരുഷൻ പലപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ ആയുധം അവളെ പൊതുസമൂഹത്തിൽ അവളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ ലഹരിക്ക് അടിമയാണ് എന്ന് മുദ്രകുത്തുന്നതോ ആണ് …
കാരണം സമൂഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും വിജയങ്ങളെയും അളക്കുന്നത് അവളുടെ സ്വഭാവഗുണം, പ്രത്യേകിച്ച് ലഹരി ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അവൾ പാലിക്കുന്ന നിയന്ത്രണം അനുസരിച്ചാണ്. അവളോടൊപ്പം ഉറങ്ങിയ ഒരു പുരുഷൻ തന്നെ ഇത്തരം വാക്കുകൾ അവൾക്കെതിരെ ഉപയോഗിക്കുമ്പോൾ, അത് ഒരു വ്യക്തിപരമായ ആരോപണം എന്നതിലുപരി, അവളെ പൊതുരംഗത്ത് ഒറ്റപ്പെടുത്താനും, അവളുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കാനുമുള്ള സാമൂഹികപരമായ ആയുധമായി മാറുന്നു.
ഒരു പുരുഷൻ മദ്യപാനിയാകുമ്പോൾ അത് പലപ്പോഴും ദുശ്ശീലം മാത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു സ്ത്രീയുടെ മേൽ ഈ ആരോപണം വരുമ്പോൾ, അത് അവളുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തെയും, ഭാര്യ എന്ന നിലയിലുള്ള കടമകളെയും, ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യത്തെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.
ഒരു പങ്കാളി, പ്രത്യേകിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാൾ, ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ, അത് വെറും വൈവാഹിക തർക്കമായി നിലനിൽക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും ഇല്ലാതാക്കുന്ന ഭീകരവാദമായി മാറുന്നു. ഇവിടെ സുലൈമാൻ ഭീകരവാദി ആണോ എന്നതിലപ്പുറം അയാളുടെ വജ്രം പതിപ്പിച്ച വാക്കുകൾ ഭീകരവാദത്തിന്റെ ആയുധമാവുകയാണോ എന്നതാണ്.
എല്ലാ അടഞ്ഞ വാതിലുകളുടെയും പിന്നിൽ ഉഗ്രമായി യുദ്ധം നടക്കുന്നുണ്ട് . കാരണം ഒരുവൾ തൻ്റെ വഴികളിൽ ശക്തയാകുമ്പോൾ, താൻ ചെറുതാവുന്നുവെന്ന തോന്നൽ അവനിൽ അഹങ്കാരത്തിൻ്റെ വിറയലുണ്ടാക്കുന്നു. അങ്ങനെ അവനു നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീയെ കീഴടക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുന്നത് അവളെ തെറ്റുകാരിയാക്കുക എന്നതാണ്. അവർ അവളെ ചെറുതാക്കാൻ ശ്രമിക്കും….
കുറ്റപ്പെടുത്താൻ കഥകൾ മെനയും…. സ്വന്തം ഇഷ്ടങ്ങൾക്ക് അവളെ കീഴ്പ്പെടുത്താനായി ഭാവനാസമ്പന്നമായ വലയങ്ങൾ നെയ്യും…,..അവൾ സന്തോഷത്തോടെ ചിരിക്കുമ്പോൾ പോലും ചോദ്യം ചെയ്യപ്പെടാം….,
അവൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അഹങ്കാരമായി ചിത്രീകരിക്കപ്പെടാം….
അവളുടെ ശക്തിയെ തകർക്കാൻ മനസ്സിൽ കഥകൾ തീർത്ത്, അവളുടെ ചിറകുകൾ വെട്ടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും….ഇവിടെ, അവൻ ഉയരാൻ ശ്രമിക്കുകയല്ല അവൻ ചെയ്യുന്നത്. മറ്റൊരാളുടെ ചിറകുകൾ മുറിക്കുകയാണ്. മറ്റൊരാളെ അടിച്ചമർത്തി നേടുന്ന വിജയം ഒരിക്കലും യഥാർത്ഥ ഉയർച്ചയല്ല, അത് ഭീരുത്വത്തിൻ്റെയും അസുരക്ഷിതത്വത്തിൻ്റെയും അടയാളം മാത്രമാണ്.
കുടുംബ കൗൺസിലർമാർ എന്ന നിലയിൽ പ്രശസ്തരായവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സാധാരണ ദാമ്പത്യബന്ധങ്ങളിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമാധാനപരമായ ബന്ധങ്ങൾക്കും, പരസ്പര ബഹുമാനത്തിനും വേണ്ടി സംസാരിക്കുന്നവർ തന്നെ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ പങ്കാളിയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഈ സമൂഹം അതിന്റെ ഇരകൾക്ക് നൽകുന്ന സന്ദേശം എന്താണ്.
ഒരു പുരുഷന് തന്റെ പങ്കാളിയെക്കുറിച്ച് ഏത് ദുരാരോപണവും ഉന്നയിക്കാം, സമൂഹം അത് ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും, ഇരയെ ശിക്ഷിക്കുകയും ചെയ്യുമെന്നാണോ.
ഇതാണ് മാറ്റേണ്ട ചിന്താഗതി. ഒരു സ്ത്രീയെ തകർക്കാൻ ഒരു പുരുഷൻ ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിൽ, സ്ത്രീക്ക് എതിരെ സമൂഹത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ലിംഗവിവേചനം ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. പണ്ടെങ്ങോ ബഹുമാനത്താൽ കെട്ടിപ്പടുത്ത പല ബന്ധങ്ങളിലും ഒരു ലക്ഷ്മണരേഖക്കകത്ത് നിൽക്കേണ്ടവളാണ് സ്ത്രീ എന്ന ധാരണ ഇന്നുമുണ്ട് . ഇത് മാറണമെങ്കിൽ, മാറ്റം വരേണ്ടത്. പരസ്പരമുള്ള ബഹുമാനമാണ് …
ദാമ്പത്യത്തിലെ അതിർവരമ്പ് എന്നത് പുരുഷൻ വരയ്ക്കുന്ന ലക്ഷ്മണരേഖയല്ല. അത് പരസ്പരം വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ബഹുമാനമാണ്. ആരോപണങ്ങൾ പൊതുവിടത്തിൽ വിടാതെ നിയമപരവും വ്യക്തിപരവുമായ തലങ്ങളിൽ മാത്രം കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കണം. ഒരു വ്യക്തിയുടെ മാനം എന്നത്, മറ്റ് തർക്കങ്ങൾ പരിഹരിക്കാനുള്ള വിലപേശൽ വസ്തുവായി മാറരുത്. ആരോപണങ്ങൾ ഉയരുമ്പോൾ, അത് ഉന്നയിച്ച വ്യക്തിയുടെ സ്വാധീനത്തെക്കാളും, ആരോപിക്കപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ഓരോ സ്ത്രീയും തനിക്ക് ചുറ്റും വരച്ചിരിക്കുന്ന ഈ അദൃശ്യമായ ലക്ഷ്മണരേഖ മായ്ച്ചുകളഞ്ഞുകൊണ്ട്, സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച ഒരു ജീവിതം പടുത്തുയർത്താൻ ഓരോരുത്തർക്കും സാധിക്കണം. ഒരു ഭീകരവാദിക്കും തകർക്കാനാവാത്ത വ്യക്തിത്വമാണ് അവരുടെ ഏറ്റവും വലിയ ആയുധം.
ഈ വാർത്തയിലൂടെ തന്നെ കൂടുതൽ പെൺകുട്ടികളും ഇനിയും അവിവാഹിതരായി തന്നെ കഴിയാൻ ശ്രമിക്കും….
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .











Leave a Reply