ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ ശൈത്യകാലത്ത് പതിനൊന്ന് വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന തരത്തിലുള്ള കടുത്ത ഫ്ലൂ വ്യാപനത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചെറുപ്പക്കാരിൽ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച പുതിയ എച്ച്3എൻ2 ഫ്ലൂ വകഭേദമാണ് ഭീഷണി ഉയർത്തുന്നത്. ഓസ്ട്രേലിയയിലെ ചരിത്രത്തിലെ ഏറ്റവും മോശം ഫ്ലൂ സീസണിന് കാരണമായ വകഭേദത്തിന്റെ ജനിതക വകഭേദമാണ് . കൂടാതെ യുകെയിൽ സാധാരണത്തേക്കാൾ ഒരു മാസത്തിലധികം മുമ്പ് സീസൺ ആരംഭിക്കാൻ കാരണമായിട്ടുണ്ട്. കുട്ടികളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ മുതിർന്നവരിലേക്കും വ്യാപനം ഉയരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫ്ലൂ വ്യാപനം മൂലം ആശുപത്രിവാസം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എൻഎച്ച്എസ് അടിയന്തിര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. സ്റ്റാഫിനും സമൂഹത്തിനുമിടയിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുക, അടിയന്തിര സേവനങ്ങൾ വിപുലീകരിക്കുക, ആശുപത്രി പ്രവേശനം കുറയ്ക്കാൻ കമ്മ്യൂണിറ്റി ചികിത്സ ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുന്നത്. റെസിഡന്റ് ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രികൾ കൺസൾട്ടന്റുമാരെ അധിക ഷിഫ്റ്റുകളിലേക്ക് നിയോഗിക്കുകയും ചില ചികിത്സകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് സാധാരണത്തെ അപേക്ഷിച്ച് വേഗത്തിലുള്ള വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിലുള്ള ഫ്ലൂ വാക്സിനുകൾ ഈ മ്യൂട്ടേഷൻ നേരിടുന്നതിൽ ഫലപ്രാപ്തി കുറവാണെങ്കിലും ഗുരുതര രോഗലക്ഷണങ്ങൾ തടയുന്നതിൽ കാര്യക്ഷമത ഉണ്ടെന്നാണ് യുകെഎച്ച്എസ്എയുടെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് . കുട്ടികളിൽ 70–75%യും മുതിർന്നവരിൽ 30–40%യും വാക്സിൻ സംരക്ഷണം നൽകുന്നതായാണ് വിലയിരുത്തൽ. അതേസമയം, മുതിർന്നവരും ദീർഘകാല രോഗമുള്ളവരും ഗർഭിണികളും ചെറുപ്പക്കാർക്കും ഈ സീസൺ ഏറ്റവും വലിയ അപകട സാധ്യതയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ യുകെയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ഫ്ലൂ സീസൺ ആവാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്ന സാഹചര്യത്തിൽ, അർഹരായ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.











Leave a Reply