ലണ്ടന്‍: ഭീകരാക്രമണത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കിയ സെക്യൂരിറ്റി മിനിസ്റ്റര്‍ക്കും എംപിക്കും പ്രിവി കൗണ്‍സിലില്‍ അംഗത്വം. സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലസ്, ടോറി എംപി റ്റോബിയാസ് എല്‍വുഡ് എന്നിവരെയാണ് ബഹുമാന സൂചകമായി പ്രിവി കൗണ്‍സിലില്‍ നിയമിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതിനാണ് ഈ അംഗീകാരം.
പ്രിവി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതോടെ രാജ്യസുരക്ഷയെ സംബന്ധിച്ച രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പോലും ഇവരുമായി പങ്കു വെക്കും. ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ കൂടിയായ എല്‍വുഡ് ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചയാളാണ്. കുത്തേറ്റ് വീണ കെയ്ത്ത് പാമര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ രംഗത്തെത്തിയത് ഇദ്ദേഹമാണ്.

ബാലി ബോംബ് ആക്രമണത്തില്‍ സഹോദരന്‍ നഷ്ടമായ ഇദ്ദേഹം ബോണ്‍മൗത്ത് ഈസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പാമറിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അദ്ദേഹം മരിക്കാന്‍ കാരണമെന്ന് എല്‍വുഡ് പറഞ്ഞു. ആക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളില്‍ പാമറിന് എല്‍വുഡ് പ്രഥമ ശുശ്രൂഷ നല്‍കുന്നത് വ്യക്തമായിരുന്നു. ലോകമൊട്ടാകെയുള്ള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.