ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പൊലീസ് ഓഫീസർമാർക്കെതിരെ ശാസന നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹർഷിതയുടെ പരാതിയെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേരുടെ പെരുമാറ്റത്തെ കുറിച്ച് പൊലീസ് മേധാവികൾ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് നോർത്ത്‌ഹാംപ്ടൺഷയർ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ എമ്മ ജെയിംസ് അറിയിച്ചു.

2024 ഓഗസ്റ്റ് അവസാനം ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തതിന് ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിലും മിസ് ബ്രെല്ലയുമായി ആശയ വിനിമയം നടത്തുന്നതിലും പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ട് ഡിറ്റക്ടീവ് കോൺസ്റ്റബിൾമാർക്കെതിരായ ഗുരുതരമായ പെരുമാറ്റദൂഷ്യ നോട്ടീസുകൾ ആണ് നൽകിയിരിക്കുന്നത് . ഗാർഹിക പീഡനത്തിന് ഹർഷിത നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അവളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വയ്ക്കുന്നത്. സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തതായി ഐഒപിസി മുമ്പ് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. തുടർന്നാണ് അയാൾ കൊലപാതകം നടത്തിയത്.

ഇതിനിടെ 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പോലീസ് ഭർത്താവും പ്രതിയുമായ പങ്കജ് ലാംബയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത് .











Leave a Reply