ജോൺ കുറിഞ്ഞിരപ്പള്ളി

കഥയുടെ പിന്നാമ്പുറം

ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.

ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല.

അദ്ദേഹം ബന്ദിയാക്കപ്പെട്ടു.

കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി.

പിന്നീട് ചിക്കവീരരാജയെയും മകൾ ഗൗരമ്മയെയും അവരുടെ ഇഷ്ടപ്രകാരം ഇംഗ്ളണ്ടിൽ പോകാൻ അനുവദിക്കുകയും അവർ അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.ഗൗരമ്മ ഇംഗ്ളണ്ടിൽ തൻ്റെ വിദ്യാഭ്യാസം തുടർന്നു.

ഗൗരമ്മയെ റാണി വിക്ടോറിയ ദത്തെടുക്കുകയും അവർ മാമോദിസ സ്വീകരിച്ചു ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്തു.ഗൗരമ്മയുടെ ഗോഡ് മദർ റാണി വിക്ടോറിയ ആയിരുന്നു എന്നത് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായി അവർക്ക് ഉണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു.

പിന്നീട് ഗൗരമ്മ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു.ഗൗരമ്മയുടെ മരണത്തിനു ശേഷം അവരുടെ ഭർത്താവും കുട്ടിയും ഒരു ദിവസം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായി.പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിഞ്ഞുകൂടാത്ത ഒരു സമസ്യയായി നിലകൊള്ളുന്നു.

ചിക്ക വീരരാജാ മരിച്ചപ്പോൾ കേൻസൽ ഗ്രീൻ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.

ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ ജനങ്ങൾ സന്തുഷ്ടരായിരുന്നതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നില്ല.പുതിയ സ്കൂളുകൾ അരംഭിക്കപ്പെട്ടു.ജനങ്ങള്‍ വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരരായി.

ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷ് ഭരണത്തിനും എതിരായി പലരും ശബ്ദമുയർത്താൻ ശ്രമിച്ചെങ്കിലും ജനശ്രദ്ധ ലഭിക്കുകയുണ്ടായില്ല.

കുടകിൻ്റെ ഭരണം മൈസൂര്‍ കേന്ദ്രമാക്കി റസിഡൻറ് ആണ് നടത്തിവന്നിരുന്നത്.

പിന്നാമ്പുറത്തുനിന്നും മുമ്പിലേക്ക് .

കുടകിൽ മാറ്റങ്ങളുടെ കാറ്റ് വീശിയത് വളരെ വേഗത്തിൽ ആയിരുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളിൽ നിന്നും കൃഷി രീതികളിൽ നിന്നും പുതിയ രീതികളിലേക്ക് കുടകിലെ ജനങ്ങൾ മാറുകയായിരുന്നു.പഴയ സംസ്കാരങ്ങൾക്ക് പുതിയ മാനങ്ങൾ മാറ്റങ്ങൾ വരുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനി

കുടകിൻ്റെ സമഗ്രമായ വളർച്ചക്ക് പല പദ്ധതികളും തയാറാക്കി.

കോഫി പ്ലാൻറേഷനുകൾ ശാസ്ത്രീയമായി പരിഷ്കരിച്ചു.ഓറഞ്ച് കൃഷി വ്യാപകമാക്കി.കാലാവസ്ഥക്ക് അനുസൃതമായി കൃഷിയിൽ മാറ്റങ്ങൾ വരുത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു.

കുടക് മലകളിൽ കാപ്പിപൂക്കളുടെ സുഗന്ധം പരന്നു.കോടമഞ്ഞിൽ മധുര കുംഭങ്ങൾ പേറി ഓറഞ്ചു മരങ്ങൾ കൈകോർത്തു നിന്നു.

കണ്ണിനു കുളിർമയേകി വളർന്നുനിൽക്കുന്ന ഓറഞ്ച് തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കുടകിലെ കൃഷിക്കാരെ പുളകം കൊള്ളിച്ചു..

ഒരു പുതിയ ജീവിത ശൈലിയുടെ ആരംഭം.

പടിഞ്ഞാറൻ സംസ്കാരങ്ങൾ കുടകിൻ്റെ കാലാവസ്തക്ക് അനുയോജ്യമായിരുന്നു.കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന കുടകിൻ്റെ സൗന്ദര്യം കാഴ്ചക്കാരെ മത്തുപിടിപ്പിച്ചു.

മൈസൂരിൽ നിന്നും ഇടക്ക് കുടക് സന്ദർശനത്തിനെത്തിയ റസിഡൻറ് മനുഷ്യസ്പപർശം അധികം ഏൽക്കാത്ത കുടകിലെ വനഭൂമി കണ്ട് അത്ഭുതപ്പെട്ടു.

മുക്കാൽ ഭാഗവും വനങ്ങളായ കുടകിൽ ആകാശം മുട്ടെ വളർന്നുനിൽക്കുന്ന തേക്കും ഈട്ടിയും കൂടാതെ ചന്ദനമരങ്ങളും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.

കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രദ്ധ കുടകിലെ (കൂർഗിലെ) നൂറ്റാണ്ടുകൾ പഴക്കമുള്ള വന വിഭവങ്ങളിലേക്ക് തിരിഞ്ഞു.

ഈ മാറ്റം കുടകിലെ കൃഷിക്കാർക്ക് മനസ്സിലായതുമില്ല.

റോസ് വുഡ്,ചന്ദനം, തേക്ക്,തുടങ്ങിയ മരങ്ങൾക്ക് ഇംഗ്ലണ്ടിൽ നല്ല മാർക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ട് എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അറിയാമായിരുന്നു. അത് മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനേക്കുറിച്ച് അവർ ആലോചന ആരംഭിച്ചു.

കുടകിൻ്റെ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത വനസമ്പത്തു കൊള്ളയടിക്കുവാനുള്ള ശ്രമം ജനങ്ങൾക്ക് മനസ്സിലാകുവാൻ വളരെ താമസിച്ചു പോയി .

റോസ് വുഡ് എന്നു വിളിക്കുന്ന ഈട്ടി (വീട്ടി) തടിയിലും കുടകിലെ കാടുകളിലുള്ള ചന്ദന മരങ്ങളിലും ആയിരുന്നു അവരുടെ പ്രധാന നോട്ടം.

കുടകിൽ വളരുന്നത് ഏറ്റവും വിലപിടിപ്പുള്ള കറുത്ത വീട്ടി മരങ്ങളാണ്. വളരെ സാവകാശം വളരുന്ന വൃക്ഷമാണ് വീട്ടി. കടുപ്പവും സാമാന്യ വലിപ്പമുള്ള വീട്ടി തടിക്കു നൂറ്റാണ്ടുകളുടെ പ്രായം കാണും.

കരിവീട്ടി മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനെക്കുറിച്ചു പഠിക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു .

വർഷം ഒന്നുകഴിഞ്ഞിട്ടും ഉത്തരവാദിത്യം ഏറ്റെടുത്തവർക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.

പ്രാപ്തനായ ഒരാളെ കമ്പനി തേടിക്കൊണ്ടിരിക്കുമ്പോഴാണ് തലശ്ശേരിയിലുള്ള ജെയിംസ് ബ്രൈറ്റ്‌ എന്ന ബ്രിട്ടീഷ് എഞ്ചിനീയറെക്കുറിച്ച് കേൾക്കുന്നത്.

മദ്രാസ് റെസിഡന്റിൻ്റെ കീഴിലുള്ള സർവ്വെ ഡിപ്പാർട്ട് മെന്റിൻ്റെ മേധാവിയാണ് ജെയിംസ് ബ്രൈറ്റ്.

കുടകിനോട് ചേർന്നുകിടക്കുന്ന എന്നാൽ മദ്രാസ് റെസിഡൻറിൻ്റെ ഭരണത്തിന് കീഴിൽ ഉള്ള സ്ഥലമാണ് തലശ്ശേരി,മലബാറിലെ മനോഹരമായ തുറമുഖം.

ബ്രിട്ടീഷ്‌കാർ അവരുടെ പ്രധാനപ്പെട്ട കയറ്റുമതി ഇറക്കുമതി വാണിജ്യ കേന്ദ്രമായി തലശ്ശേരി തുറമുഖം ഉപയോഗിച്ചുവന്നു .

പോർച്ചുഗീസ്സ് കാരുടെയും ഫ്രഞ്ച്കാരുടെയും ആക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി തലശ്ശേരിയിൽ ഒരു കോട്ട ബ്രിട്ടീഷ് ഭരണാധികാരികൾ പണികഴിപ്പിച്ചിരുന്നു

ഈ കോട്ടക്കും തലശ്ശേരി തുറമുഖത്തിനും മദ്ധ്യത്തിലായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവ്വേ ഡിപ്പാർട്ടമെൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടം.

ജെയിംസ് ബ്രൈറ്റ് താമസ്സിക്കുന്ന ബംഗ്ലാവിനോട് ചേർന്നുതന്നെ ആയിരുന്നു ഓഫീസും.

ബ്രൈറ്റിൻ്റെ ഓഫീസ് കാര്യങ്ങൾ നോക്കി നടത്തുന്നത് ശങ്കരൻ നായർ, എന്ന “നായർ സാർ ,”ആയിരുന്നു നാല്പത്തഞ്ചു വയസ്സുള്ള സൗമ്യനായ മനുഷ്യൻ.എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറുന്ന ശാന്തസ്വഭാവി ആണ് നായർ സാർ.

ശങ്കരൻ നായർ ഓഫീസിൽ ഒമ്പതുമണിക്കേ ഹാജരാകും.ജോലിക്കാരെ മേസ്ത്രിമാരുടെ കൂടെ കാലത്തു എട്ടുമണിക്ക് വർക്ക് സൈറ്റിൽ നായർ പറഞ്ഞു വിടും.

പതിവുപോലെ ഒമ്പതുമണിക്ക് ഓഫീസിൽ വരുമ്പോൾ ഒരാൾ കാത്തുനിൽക്കുന്നു.

“എന്താ?”

“മൈസൂരിൽനിന്നും റസിഡൻറ് അയച്ചതാണ്”

അയാൾ ഒരു കവർ നായരുടെ നേരേ നീട്ടി.

“മൈസൂരിൽ നിന്ന്?,എന്താ കാര്യം?”

“അറിഞ്ഞുകൂടാ സാർ”.

എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്.

നായർ കത്തുവാങ്ങി ബ്രൈറ്റിൻ്റെ ബംഗ്ളാവിൽ കൊണ്ടുപോയി കൊടുത്തിട്ടു തിരിച്ചുവന്നു.

കത്തുവായിച്ച ജെയിംസ് ബ്രൈറ്റിന് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല.തൻ്റെ കഴിവിന് കിട്ടിയ അംഗീകാരമായി കരുതി ആ കത്ത്.

കൂർഗിലെ വനവിഭവങ്ങൾ സംഭരിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സാധിക്കുമോ എന്നായിയിരുന്നു ആ കത്തിൽ .

അതിസമർത്ഥനും കുശാഗ്ര ബുദ്ധിശാലിയും സാഹസികനുമായിരുന്നു ജെയിംസ് ബ്രൈറ്റ്. ചെയ്യുന്ന ജോലികളിൽ കണിശക്കാരൻ.ജോലിക്കാരോട് ക്രൂരമായി പെരുമാറുന്നതിന് അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ബ്രൈറ്റിൻ്റെ കീഴിൽ ജോലിചെയ്യുന്നവർ അയാളെ ഭയപ്പെട്ടു.

മുപ്പത്തഞ്ചു വയസ്സേ പ്രായം ഉള്ളുവെങ്കിലും നല്ല അറിവും തൊഴിൽ പരിചയവും ഉണ്ടായിരുന്നു ബ്രൈറ്റിന്.

ബ്രൈറ്റിന് ശങ്കരൻ നായരെ വലിയ വിശ്വാസമാണ്..

എന്താവശ്യത്തിനും വിളിക്കും,”നായർ….”

“സാർ……..”,നായർ വിളിപ്പുറത്തുണ്ടാകും.

ഒരിക്കൽപോലും അയാൾ നായരെ വഴക്കുപറയുകയോ നായരോട് ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല.

ബ്രൈറ്റിൻ്റെ എല്ലാ ഉയർച്ചയുടെയും പിന്നിൽ സൗമ്യനായ നായരുടെ കൈയ്യ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

ജെയിംസ് ബ്രൈറ്റിൻ്റെ ഭാര്യ ആൻ മരിയ ഇടക്ക് ഇംഗ്ലണ്ടിൽനിന്നും വരും. മൂന്നു നാല് മാസം താമസിച്ചിട്ടു തിരിച്ചുപോകും. മുപ്പത് വയസ്സ് പ്രായമുണ്ടെങ്കിലും ഒരു കൗമാരക്കാരിയുടെ സ്വഭാവവും ശരീര പ്രകൃതിയുമുള്ള സുന്ദരിയായിരുന്നു ആൻ മരിയ.

ആരോടും പെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിക്കാൻ സമർത്ഥ ആയിരുന്നതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ആൻ മരിയക്ക് .

ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റിൻ്റെ ബംഗ്ലാവ് ഉണരും.സംഗീതവും ഡാൻസും സുഹൃത്തുക്കളുടെ സന്ദർശനവുമായി എപ്പോഴും ശബ്ദമുഖരിതമായിരിക്കും.

എങ്കിലും അവരെ ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനം വല്ലാതെ അലോസരപ്പെടുത്തിയിരുന്നു .

വൈകുന്നേരങ്ങളിൽ ബ്രൈറ്റ് മദ്യത്തിൽ അഭയം തേടുമ്പോൾ ആൻ മരിയ ലോഗൻസ് റോഡിലുള്ള ക്ലബിലെ ഡാൻസ് ഫ്ലോറിലേക്ക് പോകും.

അവരുടെ ഇടയിൽ വഴക്കും ബഹളവും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്.

വഴക്കും ചീത്തവിളിയും കൂടുമ്പോൾ നായർ ആൻ മരിയയെ സമാധാനിപ്പിക്കും

.”സാരമില്ല,മദ്യത്തിൻ്റെ ലഹരിയിൽ പറയുന്നതല്ലേ?”

ആൻമരിയക്ക് ശങ്കരൻനായരെ വലിയ ഇഷ്ടവുമായിരുന്നു.

“മിസ്റ്റർ നായർ, അതെന്താണ്? ഇത് എന്താണ്?” ഇങ്ങിനെ ചോദിച്ചു കൊണ്ട് നായരെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും,കൊച്ചുകുട്ടികളെപ്പോലെ.

ജെയിംസ് ബ്രൈറ്റിൻ്റെ കീഴിൽ അമ്പതോളം തൊഴിലാളികൾ സർവ്വേ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.

ജോലിക്കാരിൽ രണ്ടു പേർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ഇന്ത്യക്കാർ.ഇന്ത്യക്കാരായ തൊഴിലാളികളെ നിയന്ത്രിച്ചിരുന്നത് “നായർ സാർ”, എന്ന് തൊഴിലാളികൾ വിളിക്കുന്ന ശങ്കരൻ നായർ ആണ്..

നായരുടെ കീഴിൽ സമർത്ഥന്മാരായ, കുഞ്ഞിരാമൻ,നാരായണൻ,ഗോപി എന്ന മേസ്തിരിമാർ ജോലിചെയ്യുന്നു.

മൂന്നുപേരും വടകര സ്വദേശികളും സുഹൃത്തുക്കളും ആണ്.

അവർക്ക് മൂന്നുപേർക്കുമായി വിഭജിച്ചു നൽകിയിരിക്കുകയാണ് ജോലിക്കാരെ.ബ്രിട്ടീഷ്‌കാരായ ജോലിക്കാർ ബ്രൈറ്റിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്..

മദ്രാസ് പ്രവിശ്യയിലെ ഡിപ്പാർട് സംബന്ധമായ മുഴുവൻ സർവ്വേ ജോലികളും ബ്രൈറ്റിൻ്റെ കീഴിൽ ആണ് നടന്നു വന്നിരുന്നത്.

ദിവസ്സവും ശങ്കരൻ നായരുമായി ബ്രൈറ്റ് സായാഹ്ന സവാരിക്കിറങ്ങും.

“നായർ……….”..ഇടക്കിടക്ക് ബ്രൈറ്റ് വിളിച്ചുകൊണ്ടിരിക്കും.

എല്ലാകാര്യങ്ങൾക്കും ബ്രൈറ്റ് ആശ്രയിക്കുക ശങ്കരൻ നായരെ ആണ്.

സായാഹ്നസവാരി കഴിഞ്ഞു തിരിച്ചുവരുമ്പോൾ നന്നേ ഇരുട്ടിയിരിക്കും.ഈ സായ്ഹ്നസവാരിക്കിടെ ബ്രൈറ്റ് ശങ്കരൻ നായരുമായി അടുത്ത ദിവസത്തെ ജോലി കാര്യങ്ങൾ ചർച്ച ചെയ്യും. ബ്രൈറ്റ് പറയുന്നത് മൂളികേട്ട് എല്ലാം നായർ കുറിച്ചുവയ്ക്കും.

മദ്യപാനം ബ്രൈറ്റിൻ്റെ ബലഹീനതയായിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക എന്ന് പറയാൻ വയ്യ.

ബ്രൈറ്റിൻ്റെ സ്വഭാവം അറിയാവുന്നവർ കഴിവതും അയാളിൽ നിന്നും അകലം പാലിച്ചുപോന്നു .

ആൻ മരിയ ഇംഗ്ളണ്ടിൽ ആയിരിക്കുമ്പോൾ തലശ്ശേരിയിലെ കടൽ പാലത്തിൽ കാറ്റു കൊള്ളുന്നതിനായി ബ്രൈറ്റ് പോകും.

കടൽ തീരത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളെ നോക്കി അയാൾ വെറുതെ അനാവശ്യം പറയും.

ഇരുട്ടിൽ തലശ്ശേരിയിലെ നാട്ടുകാരുടെ കൈയ്യുടെ ബലം പലതവണ അറിഞ്ഞിട്ടുള്ളതാണ് ബ്രൈറ്റ്.

പകരം വീട്ടാൻ അടി കിട്ടുന്നതിൻ്റെ പിറ്റേ ദിവസം ബ്രൈറ്റ് പോലീസ്സ്കാരെ കൊണ്ട് വഴിയിൽ കാണുന്നവരെ തല്ലിക്കും.

പതിവായുള്ള സായാഹ്നസവാരിക്കിടയിൽ പലപ്പോഴും ബ്രൈറ്റ്നിലവിറ്റുപെരുമാറും.

വഴിയരികിലെ വീടുകളിലുള്ള സ്ത്രീകളെ മദ്യത്തിൻ്റെ ലഹരിയിൽ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്യും. ശങ്കരൻ നായർ കഴിവതും ബ്രൈറ്റിനെ ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും.

എല്ലാം കണ്ടും കേട്ടും ഒരു മൂകസാക്ഷിയായി നിൽക്കേണ്ടിവരും പലപ്പോഴും..

ഒരു വീട്ടിൻ്റെ മുറ്റത്തു കണ്ട സുന്ദരിയായ യുവതിയെക്കുറിച്ച് ബ്രൈറ്റ് ശങ്കരൻനായരോടു ചോദിച്ചു.

“ഹു ഈസ് ദാറ്റ് ഗേൾ?”

നായർ മിണ്ടിയില്ല.

ബ്രൈറ്റ് ചോദ്യം വീണ്ടും ആവർത്തിച്ചു.

“ഹു ഈസ് ദാറ്റ് ഗേൾ?”

അതിവ സുന്ദരി ആയിരുന്ന ആ പെൺകുട്ടിയുടെ രൂപം ബ്രൈറ്റിൻ്റെ മനസ്സിൽ ഇളക്കം സൃഷ്ടിച്ചു.

അയാളുടെ സ്വഭാവം അറിയാവുന്ന നായരുടെ ഉള്ള് ഒന്ന് കാളി.

“ദാറ്റ് ഈസ് മൈ ഡോട്ടർ……………………….എന്റെ മകളാണ് “.

സാധാരണ സായാഹ്നസവാരിക്ക് തൻ്റെ വീടിനടുത്തു കൂടി പോകാതിരിക്കാൻ ശങ്കരൻനായർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.ഇത് പറ്റിപ്പോയി.

നായരുടെ ഒരേ ഒരു മകളാണ് ഗീത.രണ്ടു വർഷം മുമ്പു് മലമ്പനി വന്ന് ഭാര്യ മരിച്ചതിനു ശേഷം അവർ തലശ്ശേരിയിൽ വന്ന് താമസിക്കുകയാണ്.

അടുത്ത ദിവസവും അതിനടുത്ത ദിവസവും ബ്രൈറ്റ് അതേ വഴി തന്നെ നടക്കാൻ തിരഞ്ഞെടുത്തപ്പോൾ ശങ്കരൻ നായർക്ക് അസുഖം ശരിക്കും പിടികിട്ടി.

ഗീതയ്ക്ക് പതിനെട്ടു വയസ്സ് പ്രായം,പെങ്ങളുടെ മകനുമായി വിവാഹം പറഞ്ഞു വച്ചിരിക്കുകയാണ് ജാതകവശാൽ ഒരു വർഷം കൂടി കാത്തിരിക്കണം.

ഗീതയും ശങ്കരൻ നായരും തലശ്ശേരിയിലേക്ക് താമസം മാറ്റുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു.

ബാസൽ മിഷൻ തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിൽ ഏതാനും സ്‌കൂളുകൾ ആരംഭിച്ചിരുന്നു.ഗീതക്ക് ഏതെങ്കിലും സ്‌കൂളിൽ ഒരു ജോലി തരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.

ബ്രൈറ്റിൻ്റെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് മകളെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കുന്നതാണ് നല്ലത് എന്ന് ശങ്കരൻ നായർ തീരുമാനിച്ചു.

രാത്രി തന്നെ നായർ മകളേയും കൂട്ടി പെങ്ങളുടെ വീട്ടിൽ ചെന്നു.

“കുറച്ചു ദിവസം ഞാൻ ബ്രൈറ്റ് സായിപ്പിൻ്റെ കൂടെ സർവ്വേ ജോലിക്കായി ദൂരെ ഒരിടത്തു പോകുകയാണ്.”

നായർ അവരോട് കള്ളം പറഞ്ഞു.

അവർ അത് വിശ്വസിച്ചു. മകളെ അവരുടെ വീട്ടിലാക്കി നായർ തിരിച്ചപോന്നു.

അതിനുശേഷമേ ശങ്കരൻ നായർക്ക് സമാധാനമായുള്ളു.

അടുത്ത ദിവസം ആൻ മരിയ ഇംഗ്ലണ്ടിൽ നിന്നും വന്നു.

ആൻ ഇത്തവണ ആറുമാസത്തോളം തലശ്ശേരിയിൽ താമസിക്കാൻ തീരുമാനിച്ചത് നായർക്ക് ആശ്വാസമായി.

ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റ് കുറച്ചു മര്യാദക്കാരനാകും..

പതിവുപോലെ ബ്രൈറ്റിൻ്റെ ബംഗളാവു് അവരുടെ വരവോടു കൂടി ശബ്ദമുഖരിതമായി.

പലപ്പോഴും ആൻ മരിയ ക്ലബിലും ജെയിംസ് ബ്രൈറ്റ് മദ്യത്തിലും സംതൃപ്തി കണ്ടെത്തി.

മുൻപ് പ്ലാൻ ചെയ്തിരുന്നതുപോലെ ആറുമാസത്തിനു ശേഷം ആൻമരിയ തിരിച്ചുപോകുന്നില്ല എന്ന് തീരുമാനിച്ചു.

നായരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശ്വാസപ്രദമായിരുന്നു.

എല്ലാ ദിവസവും കാലത്തു് ബംഗ്ലാവിനോട് ചേർന്നുള്ള ജിമ്മിൽ ആൻ മരിയ വ്യായാമം ചെയ്യുവാനായി പോകും.

പതിവുപോലെ കാലത്തു് വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ആൻ മരിയ ആ കാഴ്ച കാണുന്നത്.

ഒരുചെറുപ്പക്കാരൻ മൈതാനത്തെ പുൽത്തകിടിയിൽ മറ്റൊരാളുമായി ഗുസ്തി പിടിക്കുന്നു.അയാളുടെ മെയ് വഴക്കവും അഭ്യാസങ്ങളും കണ്ട് ആൻ മരിയക്ക് കൗതുകം തോന്നി.

അവൾ ഉറക്കെ വിളിച്ചു.

“ഹേയ് ”

അയാൾ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു.

ചെറുപ്പക്കാരൻ അടുത്തുചെന്നു.

“വാട്ട് ഈസ് യുവർ നെയിം?”

“കുഞ്ചു,കുഞ്ഞിരാമൻ”.

“വാട്ട് ഈസ് ദാറ്റ് ഗെയിം?”

“കളരിപ്പയറ്റാണ് മാഡം”

കുഞ്ചു കളരിപ്പയറ്റിൽ അതിസമർത്ഥനായിരുന്നു.കളരിപ്പയറ്റുകൊണ്ട് ജീവിതം മുൻപോട്ടു പോവില്ല എന്ന തിരിച്ചറിവിൽ ബ്രൈറ്റിൻ്റെ കീഴിൽ ജോലിക്ക് ചേർന്നതാണ് .

അങ്കം വെട്ടിയിരുന്ന കുടുംബത്തിലെ അംഗം, ഇപ്പോൾ അത്തരം അവസരങ്ങള്‍ വരാറില്ല.

ഇരുണ്ട നിറവും ഉരുക്കു പോലത്തെ ശരീരവുമുള്ള കുഞ്ചു വളരെ ഊർജ്വസ്വലനും ജോലികാര്യങ്ങളിൽ സമർത്ഥനും ആയ യുവാവ് ആണ്.

“എന്നെ കളരിപ്പയറ്റ് പഠിപ്പിക്കാമോ?”ആൻ മരിയ ചോദിച്ചു .

കുഞ്ചു ഒന്ന് സംശയിച്ചു.

“എനി പ്രോബ്ലം?”

“ഒന്നുമില്ല മാഡം”എങ്കിലും കുഞ്ചുവിന് ഒരു മടി.

“പിന്നെ?”

“പഠിക്കാൻ നന്നായിട്ട് കഠിനാദ്ധ്വാനം ചെയ്യണം”

“ഞാനല്ലേ അത് ചെയ്യേണ്ടത്?ഡോണ്ട് വറി”.അവർ വല്ലാത്ത ആവേശത്തിലാണ്.

“പക്ഷെ സ്ത്രീകളെ ഞാൻ .പഠിപ്പിക്കാറില്ല.”

“സ്ത്രീകൾ മനുഷ്യരല്ലേ?”

കുഞ്ചുവിന് ഉത്തരം മുട്ടി.

ഉടനെ തന്നെ ആൻ മരിയ ശങ്കരൻ നായരെ വിളിപ്പിച്ചു.

“കുഞ്ചുവിന് ജോലിക്കിടയിൽ പഠിപ്പിക്കുക വിഷമമായിരിക്കും”നായർ ഒഴിഞ്ഞുമാറി.

പക്ഷെ അവസാനം നായർക്ക് അവരുടെ നിർബ്ബന്ധത്തിന് വഴങ്ങേണ്ടി വന്നു.

നായരുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ചു ഒഴിവു ദിവസങ്ങളിൽ ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ ആരംഭിച്ചു.

കളരിപ്പയറ്റിൽ ബോഡി പൊസിഷനിംഗ് ശരിയാകാതെ വരുമ്പോൾ കുഞ്ചുവിന് അവരുടെ കയ്യും മറ്റും പിടിച്ചു് പൊസിഷനിൽ നിർത്തേണ്ടിവരും .ആൻ മരിയക്ക് അതിൽ യാതൊരു എതിർപ്പും ഇല്ലായിരുന്നു അയാൾ മടിച്ചു നിൽക്കുമ്പോൾ ആൻ മരിയ പറയും.

“കമോൺ ,ഐ ആം എ ഹ്യൂമൻ ബിയിങ് .സിംഹം ഒന്നുമല്ല.”അവർ പ്രോത്സാഹിപ്പിക്കും.

പഠിക്കാൻ സമർത്ഥയായിരുന്നു ആൻ മരിയ.

എന്നാൽ ബ്രൈറ്റിനെ അത് അരിശം കൊള്ളിച്ചു.

ആൻ മരിയയെ കുഞ്ചു കളരിപ്പയറ്റ്‌ പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.എന്നാൽ അത് തുറന്നുപറയാന്‍ അയാൾക്ക് ധൈര്യവും ഇല്ലായിരുന്നു.

ആരും അടുത്തില്ലാത്തപ്പോൾ ബ്രൈറ്റ് നായരോട് ചോദിക്കും,”വാട്ട് ഈസ് ദിസ് നോൺസെൻസ് ?യു കിക്ക്‌ ഔട്ട് ദാറ്റ് ബാസ്റ്റാർഡ്”.

നായർ ഒന്നും മിണ്ടില്ല.

കുഞ്ചുവിനെ കഴിവതും ദൂര സ്ഥലങ്ങളില്‍ൽ ജോലിക്ക് അയക്കാൻ ബ്രൈറ്റ് ശങ്കരൻ നായരെ നിർബന്ധിച്ചുകൊണ്ടിരുന്നു.

രണ്ടുപേരുടെയും ഇടയിൽ കിടന്ന് ശങ്കരൻ നായർ വിഷമിച്ചു.

ജെയിംസ് ബ്രൈറ്റ്‌ ചുമതല ഏറ്റതോടുകൂടി വന വിഭവങ്ങൾ സംഭരിക്കുന്നതിനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അന്വേഷണത്തിന് ജീവൻ വച്ചു.ബ്രൈറ്റ് സ്വന്തം നിലക്ക് റിപ്പോർട്ടുകൾ തയ്യാറാക്കി റെസിഡൻറിന് അയച്ചു കൊടുത്തു.

ഇതിനിടയില്‍ൽ രണ്ടു മൂന്ന് തവണ മൈസൂർ റെസിഡൻറിൻ്റെ താല്പര്യപ്രകാരം ജെയിംസ് ബ്രൈറ്റ് കുടക്‌ സന്ദർശിച്ചു

ഈ യാത്രകൾ കഠിനവും ക്ലേശകരവുമായിരുന്നു.റോഡും മറ്റു സൗകര്യങ്ങളും പരിമിതമായിരുന്നതുകൊണ്ട് ഓരോ യാത്രകഴിഞ്ഞുവരുമ്പോഴും ബ്രൈറ്റ് രോഗ ബാധിതനായി.

ജെയിംസ് ബ്രൈറ്റുമായി മൈസൂർ റസിഡൻറ് സംസാരിക്കുന്ന സമയത്താണ് , ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനി`, എന്ന പേരിൽ ഇന്ത്യൻ റെയിൽവേ രൂപീകരിക്കപ്പെടുന്നത്.

ജെയിംസ് ബ്രൈറ്റിനെ റെയിൽവേ എന്ന ആശയം ആവേശഭരിതനാക്കി.അതിൻ്റെ സാദ്ധ്യതകൾ അയാൾ നിരീക്ഷിച്ചുവന്നു.

ആ സമയത്തു് കൽക്കട്ടയിലും ബോംബെയിലും റെയിൽവേ ജോലികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു

മരിയയും കുഞ്ചുവും ആയിട്ടുള്ള അടുപ്പവും ഇടപഴകുന്നതും ബ്രൈറ്റിൻ്റെ മനോനില തെറ്റിച്ചു.അയാളുടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു.

ആൻ മരിയയെ എങ്ങിനെയെങ്കിലും കളരിപ്പയറ്റ് പഠിക്കുന്നതിൽ നിന്നും പിന്മാറ്റണമെന്ന് ബ്രൈറ്റ് തീരുമാനിച്ചു. പക്ഷെ ഇക്കാര്യം നേരിട്ട് സംസാരിക്കാൻ അയാൾ തയ്യാറായില്ല.

അയാളുടെ കുടിലബുദ്ധി ഉണർന്നു

എങ്ങിനെയാണ് കുഞ്ചുവിനെ ഒഴിവാക്കേണ്ടത് എന്നതിലായി ബ്രൈറ്റിൻ്റെ ശ്രദ്ധ മുഴുവനും.

പതിവിന് വിപരീതമായി ഒരു ദിവസം കാലത്തു ജെയിംസ് ബ്രൈറ്റ് ശങ്കരൻ നായരെ വിളിപ്പിച്ചു.

ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാനുകൾ കേട്ട ശങ്കരൻ നായർ അമ്പരന്നുപോയി.

ഇത് ഒരു കെണിയാണ് എന്ന് നായർക്ക് തോന്നി.എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ജെയിംസ് ബ്രൈറ്റ് എന്നത് ശങ്കരൻ നായർ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി