ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എം5 മോട്ടോർവേയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതിന് കാരണമായി. വെല്ലിംഗ്ടൺ ജംഗ്ഷൻ (J26) മുതൽ ടിവർട്ടൺ ജംഗ്ഷൻ (J27) വരെയുള്ള തെക്കോട്ട് പോകുന്ന പാതയിലാണ് അപകടം സംഭവിച്ചത്. വൈകുന്നേരം മുതൽ രാത്രി 10 വരെ ഗതാഗത തടസം ഉണ്ടാകാമെന്ന് നാഷണൽ ഹൈവേസ് മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തെ തുടർന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടായപ്പോൾ ചിലർ കാറുകളിൽ നിന്ന് ഇറങ്ങി ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബസിൽ ഉണ്ടായിരുന്ന ഏകദേശം 35 യാത്രക്കാരെയും പരിശോധനയ്‌ക്ക് വിധേയരാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും ഡെവൺ–സോമർസെറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട കാറിൽ ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും, അഗ്നിശമന സേനയാണ് അദ്ദേഹത്തെ പുറത്തിറക്കിയത് എന്നും അധികൃതർ അറിയിച്ചു. രണ്ട് ഫയർഎൻജിനുകളും ഒരു സഹായ സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ്, ആംബുലൻസ്, ഹൈവേ സംഘം എന്നിവരാണ് പിന്നീട് സാഹചര്യം നിയന്ത്രണത്തിലാക്കിയത്.

അപകടത്തെ തുടർന്ന് മൂന്ന് പാതകളിൽ രണ്ടെണ്ണം അടച്ചതോടെ നീണ്ട ട്രാഫിക് ജാം ഉണ്ടായി. അടിയന്തിര സേവന വാഹനങ്ങൾക്ക് വഴി തുറക്കാൻ ചില യാത്രക്കാർ റോഡ്‌വർക്ക്സിൽ വച്ചിരുന്ന കോൺകൾ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് സാഹചര്യം നിയന്ത്രണ വിധേയമായതോടെ പാതകൾ വീണ്ടും തുറന്നതായി നാഷണൽ ഹൈവേസ് അറിയിച്ചു.











Leave a Reply