ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) പുതിയ നേതാവായ അബ്ദുൽ ഖാദിർ മുമീൻ വർഷങ്ങളോളം ബ്രിട്ടനിലെ പള്ളികളിൽ പ്രഭാഷണം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ സുരക്ഷാ വൃത്തങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ് . സ്വീഡനിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ, പരമ്പരാഗത മതപഠനത്തിന്റെ പേരിൽ വിവിധ പള്ളികളിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പ്രാദേശിക പിന്തുണയും സ്വാധീനവും രൂപപ്പെടുത്തിയെടുത്തതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ കാലയളവിൽ അദ്ദേഹം നിരീക്ഷണത്തിലോ സംശയവലയത്തിലോ പെട്ടിട്ടില്ലെന്നത് ബ്രിട്ടീഷ് സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഭീകര സംഘടനയുടെ മേൽപട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഇപ്പോൾ ബ്രിട്ടീഷ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ ചേർന്ന് പുനഃപരിശോധിക്കുകയാണ്. ബ്രിട്ടനിൽ താമസിച്ചിരുന്ന വർഷങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവോ, അല്ലെങ്കിൽ രഹസ്യ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കം വ്യാപകമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ കടുത്ത മതവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്. മുൻപ് അറസ്റ്റിലാകുകയോ ചോദ്യം ചെയ്യപ്പെടാത്തതോ ആയ ഈ വ്യക്തി പടിഞ്ഞാറൻ യൂറോപ്പിലെ രഹസ്യവലയങ്ങൾ ഉപയോഗിച്ച് ഐഎസ് നേതൃനിരയിലെത്തിയതായാണ് സൂചന.

‘ബ്രിട്ടനിൽ നിന്ന് രാജ്യാന്തര ഭീകര വലയത്തിന്റെ തലവനായി ഒരാൾ ഉയർന്നതിൽ നിരവധി രാഷ്ട്രീയ, സുരക്ഷാ വിദഗ്ധർ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നു. കുടിയേറ്റ പരിശോധനാ സംവിധാനത്തിലെ വീഴ്ചകളും ഭീകരവാദ നിരീക്ഷണത്തിലെ പാളിച്ചകളും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അഭയാർത്ഥി പട്ടികകളിലെ ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ ഭരണകൂടത്തിന് പിഴ സംഭവിച്ചതായി പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.











Leave a Reply