ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കാത്‌ലീൻ കൊടുങ്കാറ്റ് മൂലം ഉണ്ടായിരിക്കുന്ന ശക്തമായ കാറ്റും മറ്റ് കാലാവസ്ഥ മാറ്റങ്ങളെയും തുടർന്ന് ബ്രിട്ടൻ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ യുകെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുകയും അവിടേക്ക് എത്തിച്ചേരുകയും ചെയ്യേണ്ടുന്ന ഏകദേശം 140 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. സ്കോട്ട് ലൻഡിൽ ഇത് റെയിൽ, ഫെറി സർവീസുകളെയും ബാധിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മണിക്കൂറിൽ 70 മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബ്രിട്ടന്റെ പല ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാറ്റിനോടൊപ്പം താപനില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കിഴക്കൻ ഇംഗ്ലണ്ടിൽ താപനില 21.4 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ ഒരു പർവതനിരയായ കെയ്ർൻഗോമിൻ്റെ കൊടുമുടിയിലാണ് മണിക്കൂറിൽ 101 മൈൽ വേഗതയിൽ ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച സഫോക്കിലെ ലേക്കൻഹീത്തിൽ ആണ് ഈ വർഷത്തെ ഏറ്റവും ചൂടേറിയ താപനില രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ വടക്കുപടിഞ്ഞാറൻ സ്കോ ട്ട്‌ലൻഡിലെ 19.9 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയെ ഇത് മറികടന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇംഗ്ലണ്ടിന്റെ വടക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലും, തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും, നോർത്തേൺ അയർലൻഡിന്റെ പ്രദേശങ്ങളിലും, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കാറ്റിന്റെ ആഘാതം ഏറ്റവം കൂടുതൽ അനുഭവപ്പെട്ടത്. ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, എഡിൻബർഗ്, ബെൽഫാസ്റ്റ് സിറ്റി എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ കാത്‌ലീൻ കൊടുങ്കാറ്റിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.