കേരളത്തിലെ എച്ച്‌.ഐ.വി രോഗബാധയിലെ പ്രവണതയിൽ ആശങ്കാജനകമായ ഉയർച്ചയുണ്ടെന്ന് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (KSACS) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ 2025 വരെ സംസ്ഥാനത്ത് 4,477 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷന്മാരാണ് ഭൂരിപക്ഷം രോഗബാധിതർ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 90 ഗർഭിണികളിൽ രോഗം സ്ഥിരീകരിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം തടയുന്നതിലെ വെല്ലുവിളിയും കൂടുതൽ രൂക്ഷമായി. ആരോഗ്യരംഗത്ത് മുന്നേറ്റം കൈവരിച്ച സംസ്ഥാനത്തും പ്രതിമാസം ശരാശരി 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.

പൊതുസമൂഹത്തിൽ എച്ച്‌.ഐ.വി വ്യാപനം കുറവായിട്ടുണ്ടെങ്കിലും, ഉയർന്ന റിസ്ക് വിഭാഗങ്ങളിൽ രോഗം കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ച് 15–24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ രോഗബാധ ഉയരുന്നുവെന്നതാണ് കെ എസ് എ സി എസ് കണ്ടെത്തിയ ഏറ്റവും ഗൗരവകരമായ മുന്നറിയിപ്പ്. മയക്കുമരുന്ന് കുത്തിവെക്കുന്ന ശീലം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ, അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചികളുടെ ഉപയോഗം, അതിഥി തൊഴിലാളികൾക്കിടയിലെ ശൃംഖലകൾ എന്നിവയാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിലെ ഈ വർദ്ധനവ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി തുടർച്ചയായി ഉയർന്നു തന്നെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജില്ലാതല കണക്കുകളിൽ എറണാകുളം 850 കേസുകളുമായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയായി തുടരുന്നു. വാണിജ്യ നഗരമായ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യവും, മയക്കുമരുന്ന് ഉപയോഗവും, ജീവിതശൈലീ മാറ്റങ്ങളും രോഗവ്യാപനത്തെ ശക്തമായി ബാധിക്കുന്നുവെന്ന് കെ എസ് എ സി എസ് ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കേസുകൾ വർദ്ധിക്കുകയാണ്. രോഗവ്യാപനം കൂടുതൽ വ്യാപകമാകുന്നതിന് മുൻപ് ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശോധനകളും ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകുന്നു.