ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) ആവശ്യപ്പെട്ടതിനെ തുടർന്ന് ദേവസ്വം ബെഞ്ചാണ് സമയം നീട്ടിയത്. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ എസ്‌ഐടി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

സന്നിധാനത്തിൽ നിന്ന് ശേഖരിച്ച സ്വർണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. പരിശോധനാഫലങ്ങൾ ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതൽ ഗതി ലഭിക്കുമെന്ന് എസ് ഐ റ്റി വിലയിരുത്തുന്നു. കേസ് സംബന്ധിച്ച സാങ്കേതിക വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ അന്വേഷണം വിവിധ ഏജൻസികളുടെ സഹകരണത്തോടെ മുന്നോട്ടുപോകുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുകൾ പരിശോധിക്കാൻ കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് കൂടി കേട്ടശേഷം അന്തിമ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ നടപടികളോടെ കേസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.