ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫ്ലൂ കേസുകൾ പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് പല സ്കൂളുകളും പഴയ കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കേണ്ട സാഹചര്യമുണ്ടായി. ലീഡ്സിലെ ഒരു പ്രൈമറി സ്കൂളിൽ പഠന പ്രവർത്തനങ്ങൾ കുറയ്ക്കുകയും സാനിറ്റൈസേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു. വെയിൽസിലെ കൗർഫില്ലിയിൽ ഒരു സ്കൂൾ കൂടുതൽ കുട്ടികളും അധ്യാപകരും അസുഖ ബാധിതരായതിനെ തുടർന്ന് താൽക്കാലികമായി അടയ്ക്കേണ്ടിവന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പുതിയ കണക്കുകൾ പ്രകാരം, നവംബർ അവസാന വാരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 107 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് വെറും 15 ആയിരുന്നു. ഫ്ലൂ ബാധയെ തുടർന്ന് ആശുപത്രികളിലും മാസ്ക് നിർദേശങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില സ്കൂളുകളിൽ ഒരു ദിവസം തന്നെ നൂറുകണക്കിന് കുട്ടികൾ ഉയർന്ന ജ്വരവും ചുമയും കാരണം വീട്ടിലേക്ക് മടങ്ങേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വിദ്യാഭ്യാസ വകുപ്പും ആരോഗ്യ ഏജൻസികളും കുട്ടികളിൽ കൈകഴുകൽ, ക്ലാസ്റൂമുകൾക്ക് വായുസഞ്ചാരം ഉറപ്പാക്കൽ, ഫ്ലൂ വാക്സിനേഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. വലിയ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ പരമാവധി പഠനം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.











Leave a Reply