ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിൻ, വിമാനം, ഫെറി സർവീസുകൾ റദ്ദാക്കി. സ്കോട്ട് ലൻഡിന്റെ ഉത്തര-പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവൻ അപകടത്തിലാക്കുന്ന തോതിൽ കാറ്റുവീശാമെന്ന അംബർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈൽ വേഗതയിലെ കാറ്റ് വീശിയപ്പോൾ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെ മുഴുവൻ 59 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവിൽ ഉള്ളത് .

സ്കോട്ട് ലൻഡിലെ പല ഫെറി സർവീസുകളും റദ്ദാക്കുകയും ട്രെയിൻ സർവീസുകൾ വേഗത നിയന്ത്രണവും നേരത്തെ അവസാനിപ്പിക്കലും കൊണ്ട് പ്രതിസന്ധിയിലാവുകയും ചെയ്തു. ചില സ്കൂളുകൾ സുരക്ഷയെ കരുതി അവധി പ്രഖ്യാപിച്ചു. വടക്കൻ അയർലണ്ടിലും വെയിൽസിലും ഇംഗ്ലണ്ടിന്റെ ചിലഭാഗങ്ങളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട് . അതേസമയം അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കി.

വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും കനത്ത മഴ പെയ്തതോടെ നദികൾ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായി. പലയിടങ്ങളിലും റെയിൽപ്പാതകൾ മുങ്ങി സർവീസുകൾ നിലച്ചു. ടോട്ട്നെസ്, ഡെവൺ, ന്യൂക്വെയ് തുടങ്ങിയ മേഖലകളിൽ യാത്രാ തടസ്സം രൂക്ഷമായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ബുധനാഴ്ചയോടെ സ്ഥിതി സാധാരണ നിലയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത് .











Leave a Reply