ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയെ നടുക്കിയ സ്കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് പരോൾ നിരസിച്ചു. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് പരോൾ നിഷേധിച്ചത്. 2001 ജൂൺ 18 നായിരുന്നു സംഭവം. എസെക്സിലെ ഈസ്റ്റ് ടിൽബറിയിലുള്ള വീടിനു സമീപത്തു വെച്ച് 15 കാരിയായ വിദ്യാർത്ഥിനിയെ സ്റ്റുവർട്ട് കാംബെൽ(64) അതിക്രൂരമായി കൊലപെടുത്തുകയായിരുന്നു. കേസിൽ മൃതദേഹം കിട്ടിയിരുന്നില്ല. ഇത് അന്വേഷണത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാംപ്ബെല്ലിന്റെ വീട്ടിൽ നിന്ന് ഡാനിയേലിന്റെ ഡിഎൻഎ ഉള്ള ഒരു ജോടി വെളുത്ത സ്റ്റോക്കിംഗുകളും അവൾ ഉപയോഗിച്ചിരുന്ന ലിപ് ഗ്ലോസും പോലീസ് കണ്ടെടുത്തത്.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ആയിരുന്നു പ്രതി പദ്ധതി ഇട്ടിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനായി കാംബെൽ തന്റെ നീല ട്രാൻസിറ്റ് വാനിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചെന്നുമാണ് നിഗമനം. സംഭവത്തെ തുടർന്ന് 2002 ഡിസംബറിൽ കാംപ്ബെൽ കൊലക്കുറ്റത്തിന് ജീവപര്യന്തവും തട്ടിക്കൊണ്ടുപോയതിന് പത്തുവർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. 20 വർഷത്തിന് ശേഷം മാത്രം പരോൾ പരിഗണിച്ചാൽ മതിയെന്നാണ് ഹൈക്കോടതി പറയുന്നത്. അതുകൊണ്ട് പരോൾ ഇത്തവണയും ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിയായ ഇയാളെ ഒരു കാരണവശാലും വിട്ടയയ്ക്കാൻ പറ്റില്ലെന്നും പരോൾ ഹിയറിംഗിനുള്ള പരിധിയിൽ അദ്ദേഹം എത്തിയിട്ടില്ലെന്നും, സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്നും ഹിയറിങ്ങ് പാനൽ അറിയിച്ചു.

ഇതിനെതിരെ അപ്പീൽ നൽകാൻ ക്യാമ്പെലിന് ഇപ്പോൾ 28 ദിവസത്തെ സമയമുണ്ട്. ഇല്ലാത്തപക്ഷം 2024 ലെ ഇനി ഹിയറിങ്ങിനു ഹാജരാകാൻ കഴിയൂ. സുരക്ഷ പോലുള്ള ചില ഘടകങ്ങളെ മുൻ നിർത്തി സ്റ്റുവർട്ട് കാംബെല്ലിന്റെ പരോൾ നിരസിച്ചെന്നും, തുറന്ന ജയിലിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും നിരാകരിച്ചതായി പരോൾ ബോർഡ് പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ഡാനിയേൽ കൊല്ലപ്പെട്ടിട്ട് 20 വർഷങ്ങൾ പിന്നിട്ടിട്ടും മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. അത് എവിടെയാണ് ഒളിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്താൻ തയാറാകണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം