കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്.
നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്സസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി., കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പറഞ്ഞു. മാര്‍ച്ച് 31-നാണ് സമാപനം.
വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോ. വേണു വി. പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപങ്കാളിത്തംകൊണ്ടാണ് കൊച്ചി ബിനാലെ ‘പീപ്പിള്‍സ് ബിനാലെ’ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കൊച്ചി മുസിരിസ് ആറാം എഡിഷന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ കലയുടെ വൈവിധ്യമുള്ള അനുഭവങ്ങളാണ്. അത് ഏതെങ്കിലും കലയുടെ കള്ളിയില്‍ ഒതുക്കാവുന്നതല്ല. വെള്ളിയാഴ്ച മുതല്‍ 110 ദിവസം അതു തുടരും. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും.
യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളിക്കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും.
ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെയുണ്ട്. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലും ബിനാലെ വേദിയുണ്ട്. വാട്ടര്‍മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്താം.
ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022-ല്‍ ആരംഭിച്ച ‘ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം’ ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പാനമ (പാനമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഒകെവീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.
ഇന്ത്യയിലെ 175-ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കലാകാരരുടെ പ്രോജക്ടുകളുള്ള ‘സ്റ്റുഡന്റ്‌സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ്.
അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി., സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യൂറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ ‘സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്’ എന്ന ഫോട്ടോഗ്രഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്‌പെയ്സില്‍ പ്രദര്‍ശിപ്പിക്കും.











Leave a Reply