നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് കേരള പൊതുസമൂഹത്തിന്റെ ആഗ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.സി. വിഷ്ണുനാഥും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നു. നീചമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.
കേസില്‍ ഇപ്പോഴും നീതി അകലെയാണെന്ന് ജെബി മേത്തറും പ്രതികരിച്ചു. ജീവപര്യന്തം നല്‍കേണ്ടിയിരുന്നതാണ്. പ്രോസിക്യൂഷന്‍ അതിനായുള്ള പോരാട്ടം നീതിപീഠത്തിന് മുന്നില്‍ നടത്തണം. പ്രോസിക്യൂഷന്റെ പരാജയമാണ് ശിക്ഷയുടെ അളവ് കുറയാന്‍ കാരണമെന്നും ജെബി പറഞ്ഞു.
കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികളായ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ച പിഴത്തുകയില്‍നിന്ന് അഞ്ചുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.











Leave a Reply