ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായുള്ള റിപോർട്ടുകൾ പുറത്തുവന്നു. 2020-ൽ ആയിരം പ്രസവങ്ങൾക്ക് 27 കേസുകളായിരുന്നെങ്കിൽ, ഇപ്പോൾ അത് 32 ആയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയിൽ 19 ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകൾ ഉയരുന്നത് എൻഎച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയർത്തുന്നത്.

കഴിഞ്ഞ വർഷം മാത്രം 16,780 സ്ത്രീകൾക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റർ രക്തം നഷ്ടപ്പെട്ടു. ലോകത്ത് മാതൃത്വ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയിൽ നടക്കുന്ന മാതൃത്വ മരണങ്ങളിൽ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകൾക്കും സാധാരണ രക്തസ്രാവം ഉണ്ടാകാറുണ്ടെങ്കിലും, അമിതമായ രക്തനഷ്ടം ഗുരുതര അപകടമായി മാറുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഗർഭധാരണം കൂടുതൽ സങ്കീർണ്ണമാകുന്നതാണ് ഈ വർധനവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. അമിതവണ്ണം, പ്രായം കൂടിയതിനു ശേഷം ഗർഭം ധരിക്കൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിനിടെ, സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട നിരവധി പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. മാതൃത്വ പരിചരണം മെച്ചപ്പെടുത്താൻ ദേശീയ തലത്തിൽ പുതിയ ഇടപെടലുകൾ ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.











Leave a Reply