ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ടുകളുടെ പുതിയ പട്ടിക പുറത്തുവന്നു. ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്ത നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം, ഈ വർഷം മാൾട്ടയുടെ പാസ്‌പോർട്ടാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. വിസാ സൗകര്യങ്ങൾ, നികുതി നിയമങ്ങൾ, വ്യക്തിഗത സ്വാതന്ത്ര്യം, ആഗോള അംഗീകാരം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളും ഇത്തവണ മുൻനിരയിൽ ഇടം നേടി.
അതേസമയം ബ്രിട്ടീഷ് പാസ്‌പോർട്ടിന് കനത്ത ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 15-ാം സ്ഥാനത്തുണ്ടായിരുന്ന യു.കെ. പാസ്‌പോർട്ട് ഈ വർഷം 35-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബ്രെക്സിറ്റിന് ശേഷമുള്ള യാത്രാ നിയന്ത്രണങ്ങൾ, നികുതി–പൗരത്വ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പാസ്‌പോർട്ടും പിന്നിലായ നിലയിലാണ്. നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യ നിലവിൽ 148-ാം സ്ഥാനത്താണ്. വിസാ-രഹിത യാത്രാ സൗകര്യം കുറവായതും അന്താരാഷ്ട്ര സ്വാതന്ത്ര്യ മാനദണ്ഡങ്ങളിൽ പിന്നാക്കം നിൽക്കുന്നതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള തലത്തിൽ പാസ്‌പോർട്ടുകളുടെ മൂല്യം എങ്ങനെ മാറുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകുന്നതാണ് ഈ പുതിയ റാങ്കിംഗ്.

അതെ സമയം അമേരിക്കൻ പാസ്‌പോർട്ടും പട്ടികയിൽ പിന്നിലായി. നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം, കഴിഞ്ഞ വർഷം 44-ാം സ്ഥാനത്തുണ്ടായിരുന്ന യു.എസ്. പാസ്‌പോർട്ട് ഈ വർഷം 45-ാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ഉയർന്ന നികുതി ബാധ്യതയും പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. മറുവശത്ത്, അയർലൻഡ്, ഗ്രീസ്, സ്വിറ്റ്സർലാൻഡ്, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ മുൻനിര സ്ഥാനങ്ങൾ നിലനിർത്തി. കൂടുതൽ വിസാ സൗകര്യങ്ങളും സ്ഥിരതയുള്ള നിയമവ്യവസ്ഥയും വ്യക്തിഗത സ്വാതന്ത്ര്യവും തന്നെയാണ് യൂറോപ്യൻ പാസ്‌പോർട്ടുകൾക്ക് ഈ മേൽക്കൈ നൽകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.











Leave a Reply