ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ വൈകിയാണെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടികളുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്തും. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനങ്ങാപ്പാറ നയം പരക്കെ വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്തായാലും യുകെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് വളരെയധികം ആശ്വാസം പകരുന്നതാണ് നേരിട്ടുള്ള സർവീസിൽ കേരളത്തെകൂടി ഉൾപ്പെടുത്തിയത്.

ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്താൻ യുകെ മലയാളികൾക്കായി പൊരുതിയത് യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും, സമീക്ഷ യുകെ നേതൃത്വവും, രാഹുൽ ഗാന്ധിയും, ജോസ്. കെ. മാണി എം. പിയുമാണ്. മനോജ് കുമാർ പിള്ളയുടെ ബിജെപി നേതൃത്വവുമായുള്ള ബന്ധങ്ങളും അടുപ്പവും തുണയായി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസുമായി നിരവധി മലയാളികളാണ് തങ്ങളുടെ പരാതിയും ആവലാതിയുമായി ബന്ധപ്പെട്ടത്.

ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനാണ് യുകെയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകേണ്ട മലയാളികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. എന്തായാലും എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മലയാളികളെയും കൊണ്ട് കേരളത്തിലേക്ക് പറക്കുന്നത് യുകെയിൽ കുടുങ്ങിക്കിടക്കുന്ന സ്റ്റുഡന്റ് വിസക്കാർ, ടൂറിസ്റ്റ് വിസയിലും, സന്ദർശക വിസയിലും യുകെയിൽ എത്തിയവർ തുടങ്ങി നിരവധി പേർക്ക് ഗുണകരമാണ്.