ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വ്യാപകമായി ഉപയോഗത്തിലാകുന്നത് വ്യവസായ വിപ്ലവകാലത്തെ പോലെ തന്നെ വലിയ തോതിൽ ജോലി നഷ്ടങ്ങൾ സൃഷ്ടിക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നൽകി. എങ്കിലും ശരിയായ പരിശീലനവും വിദ്യാഭ്യാസവും കഴിവുകളും ഉണ്ടെങ്കിൽ AI ജോലി തേടൽ എളുപ്പമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യുവാക്കളും പരിചയക്കുറവുള്ളവരും എന്റ്രി-ലെവൽ ജോലികൾ നേടുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടാകുമെന്നും ബെയ്‌ലി ചൂണ്ടിക്കാട്ടി. AI മനുഷ്യരുടെ ജോലി സാഹചര്യങ്ങളെ എങ്ങനെ മാറ്റുന്നു എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

AI ഇപ്പോൾ സാധാരണ ജീവിതത്തിലും ബിസിനസ് മേഖലകളിലും വേഗത്തിൽ ഇടം പിടിക്കുകയാണ്. വൻതോതിലുള്ള ഡേറ്റാ പ്രോസസ് ചെയ്യാനും വിശദമായ നിർദേശങ്ങൾ പാലിക്കാനും കഴിയുന്ന ഈ സാങ്കേതിക വിദ്യ ചില ജോലികളെ തന്നെ മാറ്റിസ്ഥാപിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. യുകെയിൽ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ വരെ മൂന്ന് മാസങ്ങളിൽ 5.1 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 18–24 വയസ്സുകാരിൽ തൊഴിലില്ലായ്മ 85,000 ത്തോളം വർധിച്ചതും ശ്രദ്ധേയമാണ്. മിനിമം വേതന വർധനയും നികുതിഭാരവും കാരണം സ്ഥാപനങ്ങൾ പുതുതായി ആളുകളെ നിയമിക്കാൻ മടിക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.

AI ഏറ്റവും കൂടുതൽ ബാധിക്കുക നിയമം, അക്കൗണ്ടൻസി, അഡ്മിനിസ്ട്രേഷൻ പോലുള്ള മേഖലകളിലെ എന്റ്രി-ലെവൽ ജോലികളെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിഡബ്ല്യു സി പോലുള്ള സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറച്ച് AI ഉപയോഗത്തിലേക്ക് മാറുന്നതായും റിപ്പോർട്ടുണ്ട്. മുമ്പ് കൺസൾട്ടന്റുകൾ ദിവസങ്ങളോളം ചെയ്തിരുന്ന ഡേറ്റാ, രേഖാപരിശോധന ജോലികൾ ഇപ്പോൾ AI മണിക്കൂറുകൾക്കകം പൂർത്തിയാക്കുന്നു. ഇതോടെ പ്രത്യേകിച്ച് പുതിയ ബിരുദധാരികൾക്ക് ജോലി അവസരങ്ങൾ കുറയാൻ സാധ്യതയുണ്ടെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനാകില്ലെന്നും അതിനു പകരം മനുഷ്യരെ അതിനൊപ്പം മുന്നോട്ട് നയിക്കാൻ നയപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply