ബിനോയ് എം. ജെ.

സങ്കല്പത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് നാം ആരും തന്നെ ബോധവാന്മാരാണെന്ന് തോന്നുന്നില്ല. പണ്ടുമുതൽ തന്നെ യാഥാർത്ഥ്യമാണ് പ്രധാനപ്പെട്ടതെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നു. ആചാര്യന്മാരും ഗുരുക്കന്മാർ പോലും ഈ വിധത്തിലാണ് ജനങ്ങളെ പഠിപ്പിച്ചതായി കാണുന്നത്. സങ്കല്പം ഒരു പാഴ് വേലയാണെന്ന് എല്ലാവരും തന്നെ കരുതുകയും ചിന്തിക്കുകയും ചെയ്തു പോരുന്നു. കുട്ടികളെ സങ്കല്പ ലോകത്തിലേക്ക് വിടുവാൻ മുതിർന്നവരും അധ്യാപകരും അനുവദിക്കുന്നില്ല. മുതിർന്നവർക്കാകട്ടെ സങ്കൽപ്പിക്കാനുള്ള സമയവുമില്ല. വാർദ്ധക്യത്തിൽ എത്തുമ്പോഴാകട്ടെ എല്ലാം പോയല്ലോ എന്ന നിരാശയോടുകൂടി നാം പൂർവ്വ ജീവിതത്തെ സ്മരിക്കുന്നു. ഇതിന്റെ

എല്ലാം ധ്വനി സങ്കല്പം ചീത്തയും വ്യർത്ഥവും ആണെന്നല്ലേ? അത് ഒരു സമയം പോക്ക് മാത്രമാണെന്ന് എല്ലാവരും കരുതുന്നു. വിലപ്പെട്ട സമയം ആരാണ് പാഴാക്കുവാൻ ആഗ്രഹിക്കുക?

എന്നാൽ ജീവിവർഗങ്ങളിൽ മനുഷ്യന് മാത്രമേ സങ്കല്പിക്കുവാനുള്ള കഴിവുള്ളു. അത് വളരെ വിശിഷ്ടമായ ഒരു കഴിവ് കൂടിയാണ്. നീണ്ട പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു കഴിവാണ് സങ്കല്പശക്തി. അതിനെ നിന്ദിക്കുവാൻ എളുപ്പമാണ്. എന്നാൽ അപ്രകാരം ചിന്തിക്കുമ്പോൾ നാം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞു കൊള്ളുക. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിനുള്ള പകരക്കാരനാണ്. നമുക്ക് അറിവുള്ളതുപോലെ യാഥാർത്ഥ്യം പരിമിതികൾ നിറഞ്ഞതാണ്. അത് വിരൂപവും വിരസവും ആണ്.

സൗന്ദര്യത്തിൽ സങ്കല്പം തന്നെ യാഥാർത്ഥ്യത്തേക്കാൾ മനോഹര എന്ന് തോന്നിപ്പോകുന്നു. സങ്കൽപ്പത്തിന് ചിറക് വിരിക്കുമ്പോൾ നാം സാധ്യതകളുടെ അനന്തവിഹായുസ്സിൽ പറന്നുയരുകയാണ് ചെയ്യുന്നത്. മാനവ സംസ്കാരത്തിന്റെ ഇന്നേവരെയുള്ള പുരോഗതി എടുത്താൽ സങ്കല്പമാണ് അതിന്റെ എല്ലാം മൂലകരണം എന്ന് കണ്ടെത്തുവാൻ കഴിയും. കാറും കമ്പ്യൂട്ടറും വിമാനവും എല്ലാം സങ്കൽപ്പത്തിലാണ് ആദ്യമേ ജന്മം എടുത്തത്. മാനവസംസ്കാരം അവന്റെ സങ്കൽപ്പത്തിന്റെ ആവിഷ്കാരമാണ്.

അപ്പോൾ പിന്നെ പ്രശ്നം എവിടെയാണ് കിടക്കുന്നത്? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘടനത്തിലാണ് പ്രശ്നങ്ങളെല്ലാം കിടക്കുന്നത് എന്ന് എനിക്ക് സധൈര്യം പറയുവാൻ കഴിയും. നിങ്ങൾ പണം

ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നില്ല, നിങ്ങൾ അധികാരത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ, യഥാർത്ഥത്തിൽ, നിങ്ങൾ അധികാരത്തിൽ എത്തുന്നില്ല. നിങ്ങൾക്ക് ജോലി കിട്ടുന്നതായി സങ്കൽപിക്കുന്നു, എന്നാൽ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനത്തിൽ വരുന്നത് എങ്ങനെയാണെന്ന് നോക്കി കണ്ടുകൊള്ളുവിൻ. വാസ്തവത്തിൽ ഇപ്രകാരം ഒരു സംഘടനത്തിന്റെ ആവശ്യകതയുണ്ടോ? സങ്കല്പത്തെ സങ്കല്പത്തിന്റെ വഴിക്ക് വിടുവിൻ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യത്തിന്റെ വഴിക്കും വിട്ടുകൊള്ളുവിൻ. താൻ സങ്കൽപിക്കുന്നതൊക്കെ യാഥാർത്ഥ്യമാകണമെന്ന് നാം എന്തുകൊണ്ടാണ് വാശിപിടിക്കുന്നത്?

അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നത് മാത്രമേ ഞാൻ സങ്കൽപ്പിക്കൂ എന്നും വാശിപിടിക്കുന്നത് എന്തിന്? അങ്ങിനെയാണ് സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനം ഉണ്ടാകുന്നത്. സങ്കല്പം യാഥാർത്ഥ്യത്തിനുവേണ്ടി എന്നുള്ള മിഥ്യാധാരണ നമ്മുടെ എല്ലാം മനസ്സിൽ ചെറുപ്പം മുതൽ കുടിയേറിയിട്ടുണ്ട്. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടി അല്ല! സങ്കല്പം യാഥാർത്ഥ്യത്തിന്റെ അടിമയും അല്ല. സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭാസുരമായ ലോകമുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം വെട്ടിത്തിളങ്ങുന്നു. അവിടെ അന്ധകാരത്തിന് സാധ്യതയില്ല. അവിടെ പരിമിതികൾക്ക് സാധ്യതയില്ല. അവിടെ ദുഃഖത്തിന് സ്ഥാനമില്ല. അവിടെ നൈരാശ്യത്തിനും സാധ്യതയില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ വിലയും പ്രാപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിടെ അനന്താനന്ദമാണ്. എന്നാൽ താൻ സങ്കൽപ്പിക്കുന്നത് ഒക്കെ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിച്ചാൽ കഥയാകെ മാറുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകം സങ്കൽപ്പത്തിന്റെ ലോകത്തിൽ നിന്നും ഭിന്നമാണ്. യാഥാർത്ഥ്യത്തിൽ എല്ലാം പരിമിതമാകുമ്പോൾ സങ്കൽപ്പത്തിൽ യാതൊരുവിധ പരിമിതിയും ഇല്ല. അതുകൊണ്ടുതന്നെ താൻ സങ്കൽപ്പിക്കുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്ന് ഒരാൾ വാശിപിടിച്ചാൽ അവിടെ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ ഒരു സംഘടനം ജന്മം കൊള്ളുന്നു. അതുകൊണ്ട് സങ്കല്പത്തെ യാഥാർത്ഥത്തിൽ നിന്നും വേർതിരിച്ചെടുക്കുവിൻ. രണ്ടിനും രണ്ടു ലോകമാണുള്ളത്. യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് പോകാതെ തന്നെ പൂർണമായും സങ്കല്പത്തിന്റെ

ലോകത്തിൽ കഴിഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിയും. സങ്കല്പത്തെ തുറന്നു വിടുവിൻ. അതിന് സ്വാതന്ത്ര്യം കൊടുക്കുവിൻ. ആവോളം സങ്കൽപ്പത്തിന്റെ ലോകത്തിൽ വിഹരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന നിർവൃതി ഒന്ന് വേറെ തന്നെയാണ്.

സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിക്കുമ്പോഴാണ് ആഗ്രഹങ്ങൾ ജന്മം എടുക്കുന്നത്. ഞാൻ പണക്കാരൻ ആകുന്നതായി സങ്കൽപ്പിക്കുന്നു, അതിനുശേഷം അത് യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു. അത് യാഥാർത്ഥ്യമായില്ലെങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

ഇതല്ലേ നമ്മുടെ ജീവിതത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം? എന്തിനീ വയ്യാവേലിക്കൊക്കെ മുതിരണം? സങ്കല്പം സങ്കല്പത്തിനുവേണ്ടി, യാഥാർത്ഥ്യം യാഥാർത്ഥ്യത്തിന് വേണ്ടി. അവ തമ്മിൽ കൂട്ടിയിടിക്കാതെ ഇരിക്കട്ടെ. ആഗ്രഹങ്ങൾ മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്നു.

അതിനാൽ സ്നേഹിതരെ നമുക്ക് ജീവിതത്തിൽ മുന്നോട്ടു പറക്കുവാനുള്ള രണ്ട് ചിറകുകളാണ് സങ്കല്പവും യാഥാർത്ഥ്യവും. അവയെ വേണ്ടവണ്ണം ഉപയോഗിച്ച് ശീലിക്കുവിൻ. അതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പമോ യാഥാർഥ്യമോ കൂടുതൽ ശ്രേഷ്ഠം എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ ആളല്ല. എന്നിരുന്നാലും ഒന്ന് മറ്റതിനോട്

കിടപിടിക്കുന്നതാണെന്ന് എനിക്ക് പറയുവാൻ കഴിയും. അതിനാൽ നിങ്ങളുടെ സങ്കല്പശക്തിയെ വേണ്ട വണ്ണം ഉപയോഗിക്കുവിൻ. അതുവഴി നിങ്ങൾക്ക് മോക്ഷത്തിലേക്കും നിർവ്വാണത്തിലേക്കും ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120