വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിനത്തിലെങ്കിലും ലോകത്തെ യുദ്ധഭൂമികൾ നിശ്ശബ്ദമാകണമെന്നും, കുറഞ്ഞത് 24 മണിക്കൂർ നേരത്തേക്ക് ആഗോളതലത്തിൽ പൂർണ സമാധാനം പാലിക്കണമെന്നും പാപ്പ ലിയോ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷകന്റെ ജനന തിരുനാളിൽ സമാധാനത്തിന്റെ ഒരു ദിനമെങ്കിലും ലോകം അനുഭവിക്കട്ടെയെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു.

ഉക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണങ്ങളെ പാപ്പ ശക്തമായി അപലപിച്ചു. ക്രിസ്മസ് കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന തന്റെ അഭ്യർത്ഥന റഷ്യൻ അധികൃതർ നിരസിച്ചതിൽ അദ്ദേഹം കടുത്ത ദുഃഖം രേഖപ്പെടുത്തി. എല്ലാ സന്മനസുള്ളവരും സമാധാനത്തിനായി കൈകോർക്കണമെന്നും, ഒരുപക്ഷേ ലോകം ഈ അഭ്യർത്ഥന കേട്ടേക്കാമെന്നും പാപ്പ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഗാസയിൽ വെടിനിർത്തലിനായുള്ള രണ്ടാംഘട്ട ചർച്ചകൾ നടക്കുന്നത് ആശ്വാസകരമാണെന്നും, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ ഗാസ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധക്കെടുതിയിൽ കഴിയുന്ന ജനങ്ങൾക്ക് ക്രിസ്മസ് പ്രത്യാശ നൽകണമെന്നും, സമാധാന ചർച്ചകളിൽ നിന്ന് ഒരു രാജ്യവും പിന്മാറരുതെന്നും പാപ്പ ആഹ്വാനം ചെയ്തു.