ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എൻഎച്ച്എസ് ജീവനക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള സിക്ക് ലീവ് ദിനങ്ങൾ വളരെ കൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025-ൽ മാത്രം എൻഎച്ച്എസിൽ ആകെ 2.8 കോടി അവധി ദിനങ്ങളാണ് ജീവനക്കാർ എടുത്തത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഇതിൽ 74 ലക്ഷം ദിനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതനുസരിച്ച് ഒരു എൻഎച്ച്എസ് ജീവനക്കാരൻ ശരാശരി അഞ്ച് ദിവസം പ്രതിവർഷം മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അമിത ജോലിഭാരം, സ്റ്റാഫ് കുറവ്, നീണ്ട ഷിഫ്റ്റുകൾ എന്നിവയാണ് മാനസിക സമ്മർദ്ദത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു എൻഎച്ച്എസ് ജീവനക്കാരൻ ഈ വർഷം ശരാശരി 20 സിക്ക് ലീവ് എടുത്തതായാണ് റിപ്പോർട്ട് പറയുന്നത്. അഞ്ച് വർഷം മുൻപ് ഇത് 16 ദിവസമായിരുന്നു. ഹെൽത്ത് കണക്റ്റ് ഗ്ലോബൽ എന്ന ടെക് സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഏകദേശം മൂന്നിലൊന്ന് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തിൽ പഠനം നടത്തിയത്. 2020 മുതൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവധി ദിനങ്ങൾ 40 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നും, നിലവിലെ പ്രവണത തുടർന്നാൽ 2030-ഓടെ ഇത് ഒരു കോടി ദിനങ്ങൾ കടക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2025-ൽ മാത്രം ഓരോ എൻഎച്ച്എസ് ട്രസ്റ്റിനും ശരാശരി 35,000 മാനസികാരോഗ്യ അവധി ദിനങ്ങൾ നഷ്ടപ്പെടുന്നുവെന്ന കണക്കും പുറത്തുവന്നു.

ഈ അവധി വർധനവ് എൻഎച്ച്എസിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിരം ജീവനക്കാരുടെ അഭാവം നികത്താൻ ഏജൻസി സ്റ്റാഫിനെയും മറ്റുള്ളവരെയും നിയോഗിക്കുന്നതിന് ഏകദേശം 2.4 ബില്യൺ പൗണ്ടാണ് ചെലവാകുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ മൂലകാരണം പരിഹരിക്കാതെ എൻഎച്ച്എസിന്റെ ചെലവ് കുറയ്ക്കാനോ സേവന നിലവാരം ഉയർത്താനോ കഴിയില്ലെന്ന് ഹെൽത്ത് കണക്റ്റ് ഗ്ലോബൽ സിഇഒ ഡോ. ദേവൻ മൂഡ്ലി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിന് കൂടുതൽ പിന്തുണയും സാങ്കേതിക പരിഹാരങ്ങളും അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, ജീവനക്കാരുടെ അവധി നിരക്ക് കുറയ്ക്കാൻ വിവിധ മാനസികാരോഗ്യ, ക്ഷേമ പദ്ധതികൾ നടപ്പാക്കി വരുന്നതായും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെന്നും എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.











Leave a Reply