ലണ്ടൻ: പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. മരണകാരണമാകുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നാണ് സൂചന. സ്ത്രീകളിൽ മാരകമാകുന്ന സ്തനാർബുദം മൂലമുണ്ടാകുന്ന മരണങ്ങളെയും പിന്തള്ളി പുരുഷൻമാരുടെ മാത്രം രോ​ഗമായ പ്രോസ്റ്റേറ്റ് ക്യാൻസ‍ർ‌ കുതിക്കുകയാണന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രെസ്റ്റ് ക്യാൻസർ മരണങ്ങൾ കുറഞ്ഞുവരികയാണെന്നാണ് 1999 മുതലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചുള്ള മരണങ്ങളിൽ കുറവുണ്ടാകുന്നില്ല. ഓരോ വർഷവും 11819 പുരുഷൻമാർ പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുമ്പോൾ 11442 സ്ത്രീകൾ സ്തനാർബുദം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ശ്വാസകോശാർബുദം, വൻകുടലിനെ ബാധിക്കുന്ന അർബുദം എന്നിവയാണ് യുകെയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്. സ്തനാർബുദ മരണങ്ങൾ കുറയുന്നത് ആശാവഹമാണെന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവ് ആൻ‍ജല കുൽഹെയിൻ പറയുന്നു. കൃത്യമായ മരുന്നുകൾ ആവിഷ്കരിക്കാൻ കഴിഞ്ഞതും രോ​ഗപരിശോധനക്കായി സ്ക്രീനിം​ഗ് പ്രോ​ഗ്രാമുകൾ അവതരിപ്പിച്ചതും ​ഗവേഷണങ്ങൾ പുരോ​ഗമിക്കുന്നതും ഇതിന് കാരണമ‌ായിട്ടുണ്ട്. എന്നാൽ ​ഗവേഷണങ്ങൾ കുറവായതും അതിനായി കാര്യമായി പണം മുടക്കാത്തതും പ്രോസ്റ്റേറ്റ് ക്യാൻസർ കുറയുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

  വിവാഹപ്രായം 18 ആക്കി ഉയർത്താനുള്ള നിയമനിർമ്മാണം മുന്നോട്ട് വെച്ച് മുൻ ചാൻസലർ സാജിദ് ജാവിദ്. നിർബന്ധിത വിവാഹം നിന്ദ്യവും മനുഷ്യത്വരഹിതവുമായ നടപടിയെന്നും ജാവിദ്

ക്യാൻസർ ചികിത്സയിൽ ഉണ്ടാകുന്ന പുരോ​ഗതി പ്രോസ്റ്റേറ്റ് ക്യാൻസർ മേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നതാണ് വസ്തുത. ആവശ്യമായ ഫണ്ടിം​ഗ് ലഭ്യമായാൽ അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ കാര്യമായി കുറക്കാനാകുമെന്നും അവർ പറഞ്ഞു. രോ​ഗലക്ഷണങ്ങൾ അവ​ഗണിക്കാതിരിക്കുകയെന്നതാണ് പ്രധാനം. വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത അസുഖമാണ് ഇതെന്നതാണ് പ്രത്യേകത. മൂത്രമൊഴിക്കാൻ അടിക്കടി തോന്നുക, എന്നാൽ മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, മൂത്രം പൂർണ്ണമായി ഒഴിച്ചില്ലെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോ​ഗം മൂർച്ഛിച്ചാൽ അസ്ഥികൾക്കും നടുവിനും വേദന, വൃഷണങ്ങളിൽ വേദന, ഭക്ഷണത്തോട് വിരക്തി, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കാണാനാകും.