തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക തീരുമാനങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. സഖാവ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രേഖകളില്‍ ഒപ്പുവെച്ചതെന്നും, സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ മറ്റ് രേഖകള്‍ വിശദമായി പരിശോധിക്കാതെയാണ് ഒപ്പിട്ടതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരവും പത്മകുമാറിനായിരുന്നുവെന്നും അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിജയകുമാര്‍ മൊഴിയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്നതിനെക്കുറിച്ച് ബോര്‍ഡില്‍ സഖാവ് വിശദീകരിച്ചതിനാല്‍ മറ്റൊന്നും വായിക്കാതെ ഒപ്പുവെക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നതിനാലാണ് താന്‍ കീഴടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിജയകുമാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നത്. പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയതുമായാണ് കണ്ടെത്തല്‍. കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയായും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയായുമാണ് വിജയകുമാര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.











Leave a Reply