വാഷിങ്ടൺ: രൂക്ഷമായ വിലക്കയറ്റത്തിനും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കുമെതിരെ ഇറാനിൽ തെരുവിലിറങ്ങിയ ജനങ്ങൾക്കുനേരെ അക്രമമോ വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്നു ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ‘ഞങ്ങൾ തയ്യാറാണ്, പോകാൻ സജ്ജരാണ്’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഞായറാഴ്ച മുതൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിൽ വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. പിന്നീട് സർവകലാശാലാ ക്യാമ്പസുകളിലേക്കും വിവിധ പ്രവിശ്യകളിലേക്കും സമരം വ്യാപിച്ചു. കറൻസിയുടെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങൾ എന്നിവയാണ് പ്രതിഷേധത്തിന് പിന്നിൽ.
പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യപ്രവിശ്യയിലെ ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ സുരക്ഷാസേനയുമായുള്ള സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിനിടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും കല്ലേറ് നടത്തുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം വർഷങ്ങളായി പ്രതിസന്ധിയിലായ ഇറാൻ സമ്പദ് വ്യവസ്ഥ, ആണവപദ്ധതിയെച്ചൊല്ലിയ അന്താരാഷ്ട്ര ആശങ്കകളും ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷം മൂലം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.











Leave a Reply