തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണിക്കുന്നതുവരെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ‘അഭിഭാഷകനായിരുന്ന ആന്റണി രാജു സെക്ഷൻ ക്ലർക്ക് ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ മാറ്റിയതോടെ ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായ വിധി ലഭിച്ചതായി കോടതി കണ്ടെത്തി.
ഹൈക്കോടതി വെറുതെവിട്ടതിന് പിന്നാലെ രാജ്യം വിട്ട ആൻഡ്രൂ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ അറസ്റ്റിലാകുകയും കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോളിലൂടെ വിവരം ലഭിച്ച സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇപ്പോഴത്തെ ശിക്ഷാവിധി ഉണ്ടായത്.










Leave a Reply