ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകളും ഓഫിസുകളും ഇന്ന് തുറക്കാനിരിക്കെ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഗതാഗതത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വടക്കൻ സ്‌കോട്ട് ലൻഡിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന ആംബർ മുന്നറിയിപ്പ് ഞായറാഴ്ച വൈകിട്ട് പ്രാബല്യത്തിൽ വന്നിരുന്നു . ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ യെല്ലോ മുന്നറിയിപ്പുകളും നിലവിലുണ്ട്. താപനില അല്പം ഉയർന്നേക്കുമെങ്കിലും, ഈ ആഴ്ച മുഴുവൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ പല ഭാഗങ്ങളിലും വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സ്‌കോട്ട് ലൻഡിലെ ഷെറ്റ്‌ലാൻഡ്, ഓർക്ക്നി, വടക്കൻ മെയിൻലാൻഡ് മേഖലകളിൽ ശക്തമായ കാറ്റോടു കൂടിയ മഞ്ഞുവീഴ്ച തുടരുകയാണ്. മൊറേ പോലുള്ള ചില പ്രദേശങ്ങളിൽ ഇതിനകം 40 സെന്റീമീറ്ററിലധികം മഞ്ഞ് രേഖപ്പെടുത്തി. റെയിൽപാതയിൽ 1.2 മീറ്റർ വരെ മഞ്ഞു കുമിഞ്ഞു കൂടിയതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അബർഡീനും ഇൻവർനെസും ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള ലോഗനെയർ വിമാനങ്ങൾ റദ്ദാക്കി. വൈദ്യുതി വിതരണത്തിലും മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളിലും തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വടക്കൻ സ്‌കോട്ട് ലൻഡിലെ നൂറുകണക്കിന് സ്കൂളുകൾ തിങ്കളാഴ്ച തുറക്കില്ല എന്ന് അറിയിച്ചിട്ടുണ്ട് . അബർഡീൻഷയർ, ഷെറ്റ്‌ലാൻഡ്, ഓർക്ക്നി മേഖലകളിൽ സ്കൂൾ തുറക്കൽ മാറ്റിവെച്ചപ്പോൾ, അബർഡീനിൽ വൈകിയാണ് ക്ലാസുകൾ തുടങ്ങുക. നോർത്ത് അയർലൻഡിലും ചില സ്കൂളുകൾ അടച്ചിടും. അതേസമയം ശനിയാഴ്ച രാത്രി ഇംഗ്ലണ്ടിലും വെയിൽസിലും ഈ ശീതകാലത്തിലെ ഏറ്റവും തണുത്ത രാത്രിയാണ് അനുഭവപ്പെട്ടത് . ഓക്സ്ഫോർഡ്ഷയറിലെ ബെൻസണിൽ −9.3 ഡിഗ്രിയും വെയിൽസിലെ സെനിബ്രിഡ്ജിൽ −7.3 ഡിഗ്രിയും രേഖപ്പെടുത്തി. ചില ഗ്രാമപ്രദേശങ്ങളിൽ −10 മുതൽ −11 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കുന്നതിനാൽ മുതിർന്നവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ആഴ്ചാവസാനം ശക്തമായ കാറ്റും കനത്ത മഴയും കൂടി എത്താനിടയുള്ളതിനാൽ രാജ്യവ്യാപകമായി വീണ്ടും തടസ്സങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.











Leave a Reply