സ്വന്തം ലേഖകൻ

യുകെയിലെ പ്രധാനപ്പെട്ട വ്യാപാര ശൃംഖലകളിൽ മൂന്നാമനായ അസ്ഡ സൂപ്പർ മാർക്കറ്റ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് 49 കാരനായ മൊഹ്സിൻ ഇസ്സയും(49 ), സഹോദരനായ സുബേറും(48). ബ്ലാക്ക് ബെണിലെ ടെറസ് വീട്ടിൽനിന്നും കോടീശ്വരൻമാർ എന്ന മേൽവിലാസത്തിലെക്കെത്താൻ ഇരുവർക്കും വേണ്ടി വന്നത് വർഷങ്ങളായി ഒരുമിച്ച് നിന്നുള്ള അധ്വാനമാണ്. 6.5 ബില്യൻ പൗണ്ട് മൂല്യമുള്ള അസ്ഡ ഇരുവരും ഈ ആഴ്ച വാങ്ങിയേക്കും.

1960 ൽ ഇരുവരുടെയും മാതാപിതാക്കൾ ഇന്ത്യയിൽനിന്ന് ബ്രിട്ടണിൽ എത്തുമ്പോൾ കൈവശം കാര്യമായ സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിതാവ് ഒരു കമ്പിളി മില്ലിൽ ആണ് ജോലിചെയ്തിരുന്നത്, പിന്നീട് ഇരുവരും അത് വാങ്ങി ഗ്യാരേജ് നിർമ്മിക്കുകയുണ്ടായി. ബിസിനസിൻെറ ആദ്യപാദങ്ങളിൽ അവർ ഒരു പെട്രോൾ പമ്പ് രണ്ടുവർഷത്തേക്ക് വാടകയ്ക്കെടുത്തു, രണ്ടായിരത്തി ഒന്നിൽ ബറിക്കടുത്തുള്ള സ്ഥലം വാങ്ങി ഗ്യാരേജ് തുടങ്ങി. യൂറോ ഗ്യാരേജ് എന്നായിരുന്നു പേര്. ഇജി ഗ്രൂപ്പിന് ഇപ്പോൾ പത്ത് രാജ്യങ്ങളിലായി ഏകദേശം ആറായിരത്തോളം സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഗ്രഗ്സ്, സ്റ്റാർബക്സ്, കെഎഫ്സി പോലെയുള്ള ഔട്ട്‌ലെറ്റുകൾ യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആയി പ്രവർത്തിച്ചു വരുമ്പോൾ 44,000 വ്യക്തികൾക്ക് ആണ് ഇവർ തൊഴിൽ ദാതാക്കൾ ആകുന്നത്. 2017ൽ 77 ഓളം ലിറ്റിൽ ഷെഫ് റസ്റ്റോറന്റുകൾ വാങ്ങി.

” ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്, ടോയ്‌ലെറ്റുകൾ കഴുകിയിട്ടുണ്ട്, പെട്രോൾ പമ്പിൽ നിന്നിട്ടുണ്ട്, കടകളിൽ സ്റ്റോക്ക് എടുക്കാൻ നിന്നിട്ടുണ്ട്, ഇങ്ങനെ പല ജോലികൾ നോക്കിയിട്ടുണ്ട്.” സുഹൈർ പറയുന്നു. ” പക്ഷേ ഒരിക്കൽ നിങ്ങൾ വിജയം ഉറപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചുപോക്ക് ഉണ്ടാകരുത്, നിങ്ങൾക്ക് എന്തും വിൽക്കാം പെട്രോളോ ചായയോ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് എന്തും, പക്ഷേ നിങ്ങൾ അതിൽ സത്യസന്ധത പുലർത്തണം എന്ന് മാത്രം”

” ഒരു വ്യക്തിക്ക് ഒരു കപ്പ് കാപ്പി മനസ്സറിഞ്ഞ് കൊടുക്കുന്നതാണ് പെട്രോൾ ഫില്ലിങ്ങിനെക്കാൾ ബിസിനസിൽ എന്തുകൊണ്ടും ലാഭം” മൊഹ്സിൻ പറയുന്നു.

ഇത്രയും സമ്പത്തിന് അവകാശികൾ ആയെങ്കിലും ഇരുവരും വന്ന വഴിയോ വേരുകളോ മറക്കാൻ തയ്യാറല്ല, 35 മില്യണോളം പൗണ്ട് മുതൽമുടക്കി ഇരുവരും ടൗണിൽ പുതിയ എച്ക്യു വാങ്ങിയിട്ടുണ്ട്. 2012 ൽ യൂറോ ഗ്യാരേജസ് എഫ്സി എന്ന ഫുട്ബോൾ ടീമിന് ആരംഭം കുറിച്ചു.

2017 ൽ ജോർജിയൻ ടൗൺഹൗസിലുള്ള സൗധം 45 മില്യൺ പൗണ്ടിനു വാങ്ങിയിരുന്നു, ബ്ലാക്ക് ബർണിലെ പഴയ ടെറസ് വീടിന്റെ 10 കിലോമീറ്റർ ദൂരെയായി അഞ്ചോളം ആഡംബര വീടുകൾ സ്വന്തം ആവശ്യത്തിനും ബന്ധുക്കൾക്ക് വേണ്ടിയും പണിയുന്നുണ്ട്, മിക്കപ്പോഴും പഴയ വീട്ടിൽ തന്നെയാണ് താമസം. മാതാപിതാക്കൾ ഇപ്പോഴും പഴയ പള്ളിക്കടുത്തുള്ള വസതിയിൽ തങ്ങുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിനെ പറ്റി ചോദിച്ചാൽ ഉടൻ ഉണ്ടാവും എന്നതാണ് മറുപടി.

അയൽക്കാർക്കും പരിചയത്തിലുള്ളവർക്കും പറയാനുള്ളതും ഇരുവരുടെയും കഠിനാധ്വാനത്തിന്റെയും, സഹകരണത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കഥകൾ, പണ്ടുണ്ടായിരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും അതേപടി നിലനിർത്താൻ ഇരുവരും ശ്രമിക്കുന്നു. ” സുബൈർ ഇവിടെ മുടിവെട്ടാൻ വരുമായിരുന്നു, അവർ നല്ല മനുഷ്യരാണ് ഒരുപാട് അധ്വാനിച്ചിട്ടുണ്ട്” അയൽക്കാരിൽ ഒരാൾ പറയുന്നു.

ഇരുവരും ചേർന്ന് ഇസ്സ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്, ദാരിദ്ര്യ നിർമാർജനത്തിനായും, ആരോഗ്യമേഖലയിലും, കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും അവർ കൈത്താങ്ങ് ആകുന്നു. യുകെയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും സഹായഹസ്തം എത്തിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ ബ്ലാക്ക്ബേൺ റോയൽ ഹോസ്പിറ്റലിലേയ്ക്ക് എംആർഐ സ്കാനിംഗ് മെഷീനുകൾ നൽകിയിരുന്നു. മുഹ്സിൻ മുതിർന്ന രണ്ടു മക്കൾക്കൊപ്പം ബിസിനസ് നോക്കി നടത്തുമ്പോൾ, സുബേറാണ് തീരുമാനങ്ങൾ എടുക്കുന്നതും ബന്ധങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും. ഇരുവരുടെയും വിജയഗാഥ ആരെയും മോഹിപ്പിക്കുന്നതാണ്, എന്നാൽ അതിന് അവർ ഒഴുകിയ വിയർപ്പാവട്ടെ കേൾക്കുന്നവർക്ക് എല്ലാം പ്രചോദനവും.