തിരുവനന്തപുരം: എകെ ബാലന്റെ വിവാദ പ്രസ്താവനയെ തുടർന്ന് സിപിഎമ്മിനകത്ത് ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയൻ ബാലന്റെ നിലപാട് പൂർണ്ണമായി ന്യായീകരിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ബാലന്റെ പരാമർശം അസംബന്ധമാണെന്ന് തുറന്നടിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് എംവി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും എകെ ബാലനെതിരെ കടുത്ത വിമർശനം ഉയർന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാലൻ സംസാരിക്കുമ്പോൾ പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചുമതലയില്ലാത്ത നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം അബദ്ധ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഇതോടൊപ്പം കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പിന്തുണച്ചു. വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കേണ്ടതിന്റെ ആവശ്യകതയാണ് ബാലൻ ചൂണ്ടിക്കാട്ടിയതെന്നും, കേരളത്തിന്റെ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.











Leave a Reply