മോസ്‌കോ: വെനസ്വേലയിൽ നിന്നുള്ള എണ്ണ കടത്തിയെന്നാരോപിച്ച് യുഎസ് സൈന്യം പിടികൂടിയ റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 28 ജീവനക്കാരുണ്ടെന്ന് റിപ്പോർട്ട്. ജീവനക്കാരിൽ 17 പേർ യുക്രൈൻ പൗരന്മാരും ആറ് പേർ ജോർജിയക്കാരും രണ്ട് പേർ റഷ്യൻ പൗരന്മാരുമാണെന്ന് റഷ്യ ടുഡേ അറിയിച്ചു.
ഉപരോധം ലംഘിച്ചതായുള്ള ആരോപണത്തെ തുടർന്ന് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മാരിനേര’ എന്ന കപ്പലാണ് ബുധനാഴ്ച യുഎസ് തീരരക്ഷാസേന പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. ഇതിന് പിന്നാലെ, കരീബിയൻ കടലിൽ വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും സമുദ്രഗതാഗതത്തിന്റെ സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട് യുഎസ് നടപടിക്കെതിരെ റഷ്യ ശക്തമായി പ്രതികരിച്ചു. ഇത്തരമൊരു നടപടി രാഷ്ട്രീയ–സൈനിക സംഘർഷം സൃഷ്ടിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വെനസ്വേലയിൽ നിന്നുള്ള എണ്ണയുമായി യുഎസ് എണ്ണക്കമ്പനിയായ ഷെവ്‌റോണിന്റെ മൂന്ന് കപ്പലുകൾ യുഎസിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്.











Leave a Reply