നടി പാർവതി തിരുവോത്ത് താൻ ജീവിതത്തിൽ നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞു. ഹൗട്ടർഫ്ലൈയിലെ ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പരിപാടിയിൽ സിദ്ധാർഥ് ആലംബയാനോട് സംസാരിക്കുമ്പോഴാണ് കുട്ടിക്കാലം മുതൽ ഉണ്ടായ ദുരനുഭവങ്ങൾ അവർ വെളിപ്പെടുത്തിയത്. എല്ലാ സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് യാഥാർഥ്യമെന്നും പാർവതി പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് പാർവതി ഓർത്തെടുത്തത്. അച്ഛൻ അമ്മയെയും തന്നെയും സ്റ്റേഷനിൽ ഇറക്കിയതിന് പിന്നാലെ ഒരാൾ പെട്ടെന്ന് വന്ന് തന്റെ നെഞ്ചിൽ ശക്തമായി അടിച്ചുവെന്നും ആ സമയത്ത് കടുത്ത വേദന അനുഭവിച്ചുവെന്നും അവർ പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളെ സൂക്ഷിക്കണമെന്ന് അമ്മ തന്നെ പഠിപ്പിച്ചിരുന്ന കാര്യം ഈ അനുഭവങ്ങളിലൂടെ കൂടുതൽ ബോധ്യമായെന്നും പാർവതി പറഞ്ഞു.
കൗമാരകാലത്ത് മാളിലെ ലിഫ്റ്റിൽ വെച്ചുണ്ടായ മറ്റൊരു ദുരനുഭവവും പാർവതി പങ്കുവച്ചു. ശരീരത്തോട് ശരീരം ചേർത്ത് അപമാനിച്ച ഒരാളെ താൻ തിരിച്ചടിച്ചുവെന്നും, പിന്നീട് പോലീസ് ഇടപെട്ടപ്പോൾ നീതിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു. സ്ത്രീകൾ തന്നെയാണ് സ്വയം സംരക്ഷിക്കേണ്ടതെന്ന ചിന്ത സമൂഹം അടിച്ചേൽപ്പിക്കുന്നതിനെ പാർവതി വിമർശിച്ചു; ഇത്തരം സാഹചര്യങ്ങളിൽ അഭിനന്ദനങ്ങളല്ല, നീതിയും സുരക്ഷയുമാണ് ആവശ്യമായതെന്ന് അവർ വ്യക്തമാക്കി.











Leave a Reply