ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ സമർസെറ്റ് കൗണ്ടിയിലെ ടോണ്ടനിൽ പാർക്കിൽ സ്ത്രീയെ പീഡിപ്പിച്ച കേസിൽ മലയാളിയായ യുവാവിന് 12 വർഷം തടവുശിക്ഷ. വിൽഫ്രഡ് റോഡ്, ടോണ്ടൻ സ്വദേശിയായ മനോജ് ചിന്താതിര (29) കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ടോണ്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ആറാം വർഷം പൂർത്തിയാകുമ്പോൾ പ്രതിയെ യുകെയിൽ നിന്ന് നാടുകടത്തുമെന്നും ജഡ്ജി സ്റ്റീഫൻ ക്ലൈമി വ്യക്തമാക്കി.

2025 ഒക്ടോബർ 11ന് രാത്രി 11 മുതൽ പുലർച്ചെ 5 വരെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി അസ്വസ്ഥയായി തെരുവിൽ ജീവിക്കുന്ന, മുപ്പതു വയസ്സുള്ള അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ്, സമീപത്തെ കടയിൽ നിന്ന് ബിയർ വാങ്ങി നൽകി പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൊണ്ടുപോയതായി പൊലീസ് കോടതിയെ അറിയിച്ചു. അവിടെ മദ്യം നൽകി അവശയാക്കിയ ശേഷം പ്രതി പീഡനം നടത്തിയതായാണ് കേസ്.
‘ഞാൻ നിന്നെ പീഡിപ്പിക്കാൻ പോകുകയാണ്’ എന്ന് പ്രതി സ്ത്രീയോട് പറഞ്ഞ നിമിഷവും, ‘ദയവായി ഉപദ്രവിക്കരുത്’ എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതുമെല്ലാം സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകൾ ഹാജരാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതും അത്യന്തം ക്രൂരവുമായ ആക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ അമാണ്ട ജോൺസൺ കോടതിയിൽ വ്യക്തമാക്കി.











Leave a Reply