ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ:- ലോകമെമ്പാടും ക്രിപ്റ്റോകറൻസികൾ സ്ഥാനം നേടി വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ഇത്തരം കറൻസികൾക്ക് അനുവാദം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ആലോചനകൾ നടക്കുന്നുവെന്നും അതിനുശേഷം മാത്രമേ തീരുമാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. സാൽവഡോറിൽ സംഭവിച്ച അവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച സാൽവഡോറിൽ ജനങ്ങളിൽ ചെറുയൊരു വിഭാഗം  അതിനെതിരെ ആദ്യം നിരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ സാൽവഡോറിൽ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവരികയാണെന്നും, റിസർവ് ബാങ്കിന്റെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ തേടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണ്ണമായി ക്രിപ്റ്റോകറൻസികളെ തള്ളിക്കളയാനാകില്ല.


ഈ വർഷം ഡിസംബറോടുകൂടി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് തുടക്കം കുറിക്കാൻ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞമാസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ആർബിഐ ഇത് സംബന്ധിച്ച് വളരെയധികം ശ്രദ്ധാലുവാണെന്നും, വിവിധ പടികളിലൂടെ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  വീക്കെൻഡ് കുക്കിംഗ് സീസൺ 2 : ചീനക്കാരന്റെ മസാലയും മുളകും ചേർത്ത് ഉലർത്തിയ പോത്ത് ഫ്രൈയുമായി ബേസിൽ ജോസഫ്

കഴിഞ്ഞ കുറേ വർഷങ്ങളായി വെർച്വൽ പ്രൈവറ്റ് കറൻസികൾ ആയ ബിറ്റ് കോയിനും മറ്റും വലിയ തോതിൽ പ്രചാരം നേടിയിരുന്നു. എന്നാൽ ഇവ ഒരു തരത്തിലും ഗവൺമെന്റുമായും ബന്ധപ്പെട്ടതല്ല. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൂർണ്ണ ഉത്തരവാദിത്വം സെൻട്രൽ ബാങ്കിന് ആയിരിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകം ക്രിപ്റ്റോ കറൻസികളെ ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ വ്യക്തമായ നിയമനിർമ്മാണത്തിലൂടെ തീർത്തും സുരക്ഷിതമായി ക്രിപ്റ്റോ കറൻസികളെ  നടപ്പിലാക്കുവാനാണ് ഇന്ത്യ ഗവൺമെന്റും ശ്രമിക്കുന്നത്.