ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാർ സ്‌കോളർഷിപ്പിൽ പഠിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടനിലെ സർവകലാശാലകളെ യുഎഇ നീക്കം ചെയ്തു. മുസ്ലിം ബ്രദർഹുഡ് ആശയങ്ങളിൽ കുട്ടികൾ സ്വാധീനിക്കാനുള്ള സാധ്യത ചൂട്ടിക്കാട്ടിയാണ് ഈ നടപടി. മുസ്ലിം ബ്രദർഹുഡ് ഒരു ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ–മതപ്രസ്ഥാനമായി വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിലപാടുകളും വിലയിരുത്തലുകളും നേരിടുന്ന സംഘടനയാണ്. യുഎഇ ഉയർന്ന വിദ്യാഭ്യാസ–ശാസ്ത്ര ഗവേഷണ മന്ത്രാലയം വിദേശ പഠനത്തിന് അംഗീകൃത സർവകലാശാലകളും വിഷയങ്ങളും ഉൾപ്പെടുത്തിയ ഓരോ വർഷവും ഒക്ടോബറിൽ പട്ടിക പുതുക്കാറുണ്ട്. 2026 പ്രവേശനത്തിനുള്ള പട്ടികയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും യുകെയെ ഒഴിവാക്കിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവരെ യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠന കേന്ദ്രമായിരുന്നു ബ്രിട്ടൻ. 2023–24 അധ്യയനവർഷത്തിൽ ഇവിടെനിന്നുള്ള 8,535 വിദ്യാർത്ഥികളാണ് യുകെയിൽ പഠിച്ചിരുന്നത് . 2018നെ അപേക്ഷിച്ച് ഇത് 87% വർധനവാണ്. ബ്രിട്ടീഷ് സ്ഥാപനങ്ങൾ പട്ടികയിൽ ഇല്ലാത്തതിനെ കുറിച്ച് യുകെ അധികൃതർ വിശദീകരണം തേടിയപ്പോൾ ഇത് അശ്രദ്ധ മൂലമല്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ക്യാമ്പസുകളിൽ കുട്ടികൾ തീവ്രവാദ ആശയങ്ങളാൽ സ്വാധീനിപ്പിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് കാരണം യുകെയിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതായും ‘ദ ടൈംസ്’ പത്രത്തോട് യുഎഇ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സ്വകാര്യ ചെലവിൽ കുട്ടികളെ യുകെയിലേക്ക് അയക്കുന്നതിന് തടസമില്ല.

2014ൽ മുസ്ലിം ബ്രദർഹുഡിനെ യുഎഇ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, 2014ലെ യുകെ സർക്കാർ നിയോഗിച്ച അവലോകനം സംഘടനയുടെ ആശയം “ബ്രിട്ടീഷ് മൂല്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും വിരുദ്ധം” എന്ന് വിലയിരുത്തിയിട്ടും, യുകെ ഇതുവരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിച്ച ഹോം ഓഫീസ് വക്താവ്, എല്ലാ തരത്തിലുള്ള തീവ്രവാദത്തിനും യുകെയിൽ സ്ഥാനമില്ലെന്നും, പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നിയമങ്ങളും അന്താരാഷ്ട്ര സഹകരണവും തുടരുമെന്നും വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ പ്രസിഡന്റ് അമിത് തിവാരി, യുകെ സർവകലാശാലകളിൽ രാഡിക്കൽ ഇസ്ലാമിസ്റ്റ് ആശയധാരയുടെ സാന്നിധ്യം ആശങ്കാജനകമാണെന്നും, ഇന്ത്യൻ വിദ്യാർത്ഥികൾ സാധാരണയായി ഇതിൽ കുടുങ്ങുന്നില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.