കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ സൂചനകൾ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യിന്റെ വിൽപ്പനത്തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.
100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഓരോ പാക്കറ്റിനും 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13.67 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി വിലക്കിയിരുന്നു. തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴിയേ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ക്രമക്കേടുകൾ നടന്നതെന്നതാണ് റിപ്പോർട്ട്.
നെയ്യ് പായ്ക്ക് ചെയ്യുന്നതിനായി പാലക്കാട് സ്വദേശിയായ കോൺട്രാക്ടറെ നിയോഗിച്ചിരുന്നുവെന്നും പായ്ക്ക് ചെയ്ത പായ്ക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിലെ വിൽപ്പന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെയാണ് നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വിഷയമാണിതെന്നും, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.











Leave a Reply