ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോ: 2026–27 സാമ്പത്തിക വർഷത്തേക്കുള്ള സ്‌കോട്ടിഷ് ബജറ്റിൽ വരുമാനനികുതി പരിധികളിൽ ധനകാര്യ മന്ത്രി ഷോണ റോബിസൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു . ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷം സ്‌കോട്ട് ലൻഡിലെ 55 ശതമാനം നികുതിദായകർക്ക് യുകെയിലെ മറ്റ് ഭാഗങ്ങളിലേക്കാൾ കുറവ് വരുമാന നികുതി നൽകിയാൽ മതിയെന്ന് സർക്കാർ അവകാശപ്പെട്ടു. അടിസ്ഥാന (20%) നികുതി നിരക്കിന്റെ പരിധി £15,398ൽ നിന്ന് £16,537ലേക്കും ഇടത്തരം (21%) നിരക്ക് ആരംഭിക്കുന്ന പരിധി £27,492ൽ നിന്ന് £29,527ലേക്കും ഉയർത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതോടെ £33,500ൽ താഴെ വരുമാനമുള്ളവർക്ക് പരമാവധി £40 വരെ നികുതി ഇളവ് ലഭിക്കും. എന്നാൽ ഉയർന്ന (42%), അഡ്വാൻസ്ഡ് (45%), ടോപ്പ് (48%) നികുതി നിരക്കുകൾ നിലവിലെ പോലെ തുടരും; £50,000 വരുമാനം ഉള്ളവർക്ക് ഇംഗ്ലണ്ടിനേക്കാൾ ഏകദേശം £1,500 അധിക നികുതി നൽകേണ്ടിവരും.

£10 ലക്ഷം മൂല്യമുള്ള വീടുകൾക്ക് 2028 ഏപ്രിൽ മുതൽ രണ്ട് പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ നടപ്പാക്കുമെന്നും റോബിസൺ പ്രഖ്യാപിച്ചു. ഇതിലൂടെ കൗൺസിലുകൾക്ക് അധിക വരുമാനം ലഭിക്കുമെന്നും നികുതിയിൽ കൂടുതൽ നീതിതുല്യത ഉണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു. ഇതിന് പുറമെ, സ്കോട്ടിഷ് ചൈൽഡ് പേയ്മെന്റ് 2027–28 മുതൽ ഒരു വയസിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ആഴ്ചയിൽ £40 ആയി ഉയർത്തും. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലെഷർ മേഖലകൾക്ക് 2026–27ൽ 15% ബിസിനസ് റേറ്റ്സ് ഇളവ്, റോഡുകളും റെയിൽവേയും ഫെറി ഫ്ലീറ്റും ഉൾപ്പെടുന്ന ഗതാഗത നിക്ഷേപങ്ങൾ, £1.5 ബില്യൺ കാര്യക്ഷമതാ ലാഭം, എല്ലാ പ്രൈമറി സ്കൂളുകളിലും ബ്രേക്ക്ഫാസ്റ്റ്–ആഫ്റ്റർ സ്കൂൾ ക്ലബുകൾ, ‘സമ്മർ ഓഫ് സ്പോർട്’, സ്വകാര്യ ജെറ്റുകൾക്ക് ഉൾപ്പെടെ എയർ ഡിപാർച്ചർ ടാക്‌സ്, ആരോഗ്യ–സാമൂഹ്യ പരിപാലനത്തിന് £22.5 ബില്യൺ, സർവകലാശാലകൾക്കും കോളേജുകൾക്കും അധിക £70 മില്യൺ എന്നിവയും ബജറ്റിലുണ്ട്.

പ്രതിപക്ഷ കക്ഷികൾ ബജറ്റിനെക്കുറിച്ച് സമിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്. കൺസർവേറ്റീവുകൾ ഇത് മധ്യവർഗത്തിന് ഗുണകരമല്ലെന്ന് വിമർശിച്ചപ്പോൾ, ലേബർ ‘യഥാർത്ഥ മാറ്റം ഉണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഗ്രീൻസ് ‘മാൻഷൻ ടാക്‌സ്’ ഉൾപ്പെടെയുള്ള നടപടികളെ സ്വാഗതം ചെയ്തെങ്കിലും സൗജന്യ ചൈൽഡ്‌കെയർ മാനദണ്ഡങ്ങളിൽ മാറ്റമില്ലാത്തതിൽ നിരാശ പ്രകടിപ്പിച്ചു. സ്കോട്ടിഷ് ഫിസ്കൽ കമ്മീഷൻ വിലയിരുത്തൽ പ്രകാരം വരുമാനനികുതി മാറ്റങ്ങൾ 2027–28ൽ £72 മില്യണും 2028–29 മുതൽ ഏകദേശം £200 മില്യണും അധിക വരുമാനം സൃഷ്ടിക്കും. ബജറ്റ് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെടും. ഫെബ്രുവരി 25നാണ് അന്തിമ വോട്ടെടുപ്പ്.











Leave a Reply