സ്വന്തം ലേഖകൻ

കഴിഞ്ഞ രാത്രി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ഡൗൺ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ജൂൺ ഒന്നു മുതൽ തന്നെ അധ്യായന വർഷം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . പക്ഷെ ഇതിനെതിരെ ഉടൻതന്നെ കടുത്ത പ്രതിഷേധവുമായി അധ്യാപക യൂണിയൻ രംഗത്തെത്തി. കോവിഡ് -19 ൻെറ പശ്ചാത്തലത്തിൽ ഇത് വളരെ ഭീതി ജനിപ്പിക്കുന്ന നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. ഒന്ന് ,ആറ് ക്ലാസ്കാർക്ക് ഏറ്റവുമാദ്യം ക്ലാസ് തുടങ്ങാനാണ് പ്രധാനമന്ത്രി പറഞ്ഞത്. അടുത്തവർഷം പരീക്ഷ എഴുതേണ്ട സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മുൻപ് ക്ലാസ് തുടങ്ങില്ല, എന്നാൽ വീട്ടിലിരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, ഇടയ്ക്കിടെ അധ്യാപകരെ സന്ദർശിക്കാൻ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിൽ നഴ്സറികൾ തുറക്കില്ലെങ്കിലും സെപ്റ്റംമ്പറോടെ പ്രൈമറി തലത്തിലെ വിദ്യാർഥികളും സ്കൂളിൽ എത്തണം. വെയിൽസ് പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ പാടെ തള്ളിക്കളഞ്ഞപ്പോൾ, സ്കോട്ട്‌ലൻഡ് ഓഗസ്റ്റ് വരെ സ്കൂൾ തുറക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുകയേ ഇല്ലെന്ന് നിക്കോള സ്ട്രഗെൻ പറഞ്ഞു.


സ്കൂൾ തുറന്നാൽ തന്നെ കുട്ടികളെ ഗേറ്റിൽ വച്ച് തന്നെ അണുവിമുക്തമാക്കണം എന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറിയായ മേരി ബൗസ്റ്റഡ് പറഞ്ഞു. ” ചൈനയിൽ കുട്ടികളെ സ്കൂൾ ഗേറ്റിന് പുറത്തു നിർത്തി അവരുടെ മുൻവശവും പിൻവശവും അണുനാശിനി തളിക്കുകയും, ഷൂസുകൾ അണുവിമുക്തമാക്കുകയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുകയും, അവിടെവെച്ച് ധരിച്ചിരുന്ന മാസ്ക് മാറ്റി പുതിയ ഒരെണ്ണം ധരിക്കുകയും അവരുടെ ശരീര താപനില അളക്കുകയും ചെയ്യും” ഇതാണ് ബ്രിട്ടണിൽ നടപ്പാക്കേണ്ടത് എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് കൊറിയയിലും ഇത് തന്നെയാണ് നടപ്പാക്കുന്നത്, അവിടെ പുതിയ കേസുകളുടെ എണ്ണം വളരെ കുറവാണ്.

പ്രധാനമന്ത്രി ജോൺസൺ പറയുന്നു ജൂൺ 1 ഓടുകൂടി നമ്മൾ രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കുകയാണ്. ഘട്ടംഘട്ടമായി കടകൾ തുറക്കുകയും കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും ചെയ്യണം. അടുത്തവർഷം സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾ അധ്യാപകരെ ഇടയ്ക്കിടെ സന്ദർശിച്ചു വേനലവധിക്ക് മുമ്പ് പഠനം സുഗമമാക്കണം. പ്രധാനപ്പെട്ട ജോലിക്കാരുടെ മക്കൾക്ക് ഒഴികെ മാർച്ച് 23 മുതൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ക്രിട്ടിക്കൽ വർക്കേഴ്സിന്റെ കുട്ടികൾക്ക് സമ്മർ വരെ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പരിഗണന തുടരും. കോവിഡ് പകരുന്ന നിലവാരമനുസരിച്ച് അദ്ദേഹം 5 ഫേസുകളെ പറ്റി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ 0.5 മുതൽ 0.9 വരെയാണ് അലർട്ട് ലെവൽ. നമുക്ക് ഒറ്റയടിക്ക് നിയന്ത്രണങ്ങൾ നീക്കാൻ സാധ്യമല്ലെങ്കിലും ഘട്ടംഘട്ടമായി രാജ്യത്തെ തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി രാഷ്ട്രീയക്കാരും, മനുഷ്യാവകാശ പ്രവർത്തകരും, ആരോഗ്യ സേനയും ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും, റിസ്ക് എടുത്ത് പരീക്ഷിച്ചു നോക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.