ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പവിളക്ക് ആഘോഷം 2026 ജനുവരി 10-ന് ലിവർപൂളിലെ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് അതീവ ഭക്തിയോടെയും ആഘോഷപൂർവമായും നടത്തപ്പെട്ടു. കെൻസിങ്ടൺ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശ്രീ നികിതൻ പൂജാരിയുടെയും ശ്രീ വിക്രംജിയുടെയും നേതൃത്വത്തിൽ നടന്ന പൂജകളോടെയാണ് ഈ വിശേഷദിനം ലിവർപൂളിലെ മലയാളി ഹിന്ദു സമാജം ആഘോഷിച്ചത്. വിവിധ പ്രാർത്ഥനകളും അർച്ചനകളും ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ഇക്കൊല്ലത്തെ അയ്യപ്പവിളക്ക് ആഘോഷത്തിന് മാറ്റുകൂട്ടി. അന്നത്തെ ദിവസം ഭക്തർക്ക് കലിയുഗവരദനായ ശബരിമല അയ്യപ്പൻ്റെ അനുഗ്രഹം ലഭിക്കുന്നതിനായി വിവിധ അർച്ചനകൾ, വിളക്ക് പൂജ, സർവ്വൈശ്വര്യ പൂജ, നെയ്യഭിഷേകം തുടങ്ങി പല വഴിപാടുകളും നടത്താനുള്ള അവസരവും LMHS ഒരുക്കിയിട്ടുണ്ടായിരുന്നു.
തിരിതെളിയിക്കൽ, ആരതി, ഗണപതി ആവാഹനം എന്നീ ചടങ്ങുകളോടെ ആഘോഷം ആരംഭിച്ചു. താലപ്പൊലി, കലശം, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗതമായ ചടങ്ങുകളും അയ്യപ്പവിളക്കിൻ്റെ അനുഗ്രഹപ്രദമായ മുഹൂർത്തങ്ങളായി മാറി.

LMHS അംഗങ്ങൾ അവതരിപ്പിച്ച ചിന്തുപാട്ടും അർപ്പിത അവതരിപ്പിച്ച ഭക്തിനൃത്തവും അയ്യപ്പവിളക്ക് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ സ്വന്തം ഭജനസംഘമായ “നാദതരംഗിണി ഭജൻസ് യു കെ ”-യുടെ ഔദ്യോഗികമായ അരങ്ങേറ്റവും ഈ അവസരത്തിൽ നടക്കുകയുണ്ടായി. അവരുടെ ഭക്തിഗാനാലാപനം പ്രേക്ഷകരെ ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതോടൊപ്പം അയ്യപ്പ വിളക്കിന് ഭക്തിമയമായ അന്തരീക്ഷം പ്രദാനം ചെയ്ത് ഈ ആഘോഷത്തെ ഏറെ ഉജ്ജ്വലമാക്കി.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ സിയാൻ മോർട്ട്ഗേജ് ആൻഡ് ഫിനാൻഷ്യൽ സ്പോൺസർ ചെയ്ത റാഫിൾ സമ്മാനങ്ങൾ വിജയികൾക്ക് കൈമാറി. ശ്രീ മുണ്ടേക്കാട് കൃഷ്ണൻ നമ്പൂതിരി രചിച്ച “മധുരം മധുരമീ ഹൃദയതാളം” എന്ന ഗീതാവ്യാഖ്യാനവും ഈ ശുഭദിനത്തിൽ LMHS കുടുംബത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടു.

അതിഗംഭീരമായി ഒരുക്കിയ മണ്ഡപം, പതിനെട്ടാം പടി, കൽവിളക്ക് എന്നിവയിലൂടെ ശബരിമല സന്നിധാനത്തിലെത്തിയ തരം അനുഭവം നൽകിക്കൊണ്ടാണ് LMHS അയ്യപ്പ വിളക്ക് ആഘോഷം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാവരും ശബരിമലയിലെത്തിയ പോലെയുള്ള നിർവൃതിയിലലിഞ്ഞു. LMHS-ന് സമർപ്പിച്ച കൽവിളക്ക് സമാജം പ്രസിഡന്റ് സായികുമാർ ഉണ്ണികൃഷ്ണന്റെ ആശയത്തിലുയർന്ന് സമാജം അംഗങ്ങൾ തന്നെ നിർമ്മിച്ചതാണ് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
നാദതരംഗിണി ഭജൻസ് യുകെ ആലപിച്ച പതിനെട്ടാം പടി സ്തുതിയുടെ അകമ്പടിയോടെ നടന്ന പടിപൂജയും, മുഖ്യപുരോഹിതൻ തന്നെ രചിച്ച് ആലപിച്ച പ്രത്യേക ഭക്തിഗാനവും ദിനത്തിന്റെ മഹിമ വർധിപ്പിച്ചു. ഹരിവരാസനം പാടിയവസാനിപ്പിച്ച പൂജാ വിധികളെ തുടർന്ന് നടന്ന അന്നദാനത്തോടെ LMHS ൻ്റെ 2026 അയ്യപ്പവിളക്ക് ആഘോഷങ്ങൾ സമാപിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ, കൗൺസിലർമാർ, രാധാകൃഷ്ണ ടെമ്പിളിന്റെ അധ്യക്ഷൻ, മറ്റ് പ്രമുഖർ, ലിമ പോലുള്ള വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ ഗൗരവമേറിയതാക്കി.
ഈ മഹത്തായ പരിപാടി വിജയകരമാക്കാൻ അഹോരാത്രം പരിശ്രമിച്ച വോളണ്ടിയർമാരോടും എല്ലാ വിധത്തിലുള്ള പിന്തുണയും നൽകിയ എല്ലാവരോടും എക്സിക്യൂട്ടീവ് കമ്മിറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. ഇതോടെ യുകെയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയ്യപ്പവിളക്ക് ആഘോഷങ്ങളിൽ ഒന്നായി മാറിയ LMHS അയ്യപ്പ വിളക്ക് ആഘോഷം സമംഗളം പര്യവസാനിച്ചു.












Leave a Reply