സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്:  സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.

യുകെ – അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ‘സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ’ എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ  നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്.

വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്.

കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്.

പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ  വിശ്വാസികളെയും അംഗങ്ങളെയും  പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.