ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരീസ്: കുടിയേറ്റക്കാർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ അതി വലതുപക്ഷ സംഘടനയായ ‘റെയ്സ് ദി കളേഴ്സ്’ അംഗങ്ങളായ 10 ബ്രിട്ടീഷ് പൗരന്മാർക്ക് ഫ്രാൻസിൽ പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇവർ ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും കുടിയേറ്റ വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025 ഡിസംബറിൽ തുടങ്ങിയ ഇവരുടെ പ്രവർത്തനങ്ങൾ പൊതുസമാധാനത്തിന് ഗുരുതര ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്രമസ്വഭാവമുള്ളതോ വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ്, വ്യക്തമാക്കി. വിലക്ക് ബാധകമായ വ്യക്തികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ യുകെ വിദേശകാര്യ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, തങ്ങളുടെ പ്രവർത്തനങ്ങൾ സമാധാനപരവും നിയമപരവുമാണെന്നും അക്രമമോ നിയമവിരുദ്ധ നടപടികളോ സംഘടന പിന്തുണയ്ക്കുന്നില്ലെന്നും ‘റെയ്സ് ദി കളേഴ്സ്’ അറിയിച്ചു. 2025 ൽ 41,472 പേർ ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നതായി ബ്രിട്ടീഷ് ഹോം ഓഫിസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2024 നെ അപേക്ഷിച്ച് 13 ശതമാനം വർധനവ് ആണ് . 2026 ജനുവരി 1 മുതൽ 5 വരെ 32 പേർ കൂടി ചാനൽ കടന്നു. കുടിയേറ്റ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ യുകെയുടെ സമ്മർദ്ദത്തെ തുടർന്ന് ചെറുവള്ളങ്ങൾ തടയാനുള്ള നടപടികൾ ഫ്രാൻസ് ശക്തമാക്കിയിരുന്നു.











Leave a Reply