ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ ജൂത സമൂഹത്തിന് നേരെ നടന്ന അധിക്ഷേപം തീർത്തും വെറുപ്പുളവാക്കുന്നതാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. നോർത്ത് ലണ്ടനിൽ, കാറിൽ പലസ്തീൻ കൊടികളുമായി ജൂതന്മാർക്ക് നേരെ അസഭ്യവർഷം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ചിത്രീകരിച്ച വ്യക്തി അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നു. “ഈ രാജ്യത്ത് ഇത് സംഭവിക്കുന്നുവെന്ന് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഭയം തോന്നി. ജൂതനായി തിരിച്ചറിയാവുന്ന രീതിയിൽ ഞാൻ എന്തെങ്കിലും ധരിച്ച് ഒറ്റയ്ക്ക് നടക്കുകയാണെങ്കിൽ എന്തുസംഭവിക്കും?” വീഡിയോ ചിത്രീകരിച്ച വ്യക്തി ചോദിച്ചു. “എന്റെ സ്വന്തം വീട്ടിൽ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല, അതാണ് എന്നെ ഭയപ്പെടുത്തുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനം കണ്ടെത്താൻ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളിലൊന്ന് വിന്യസിച്ചതായും ഞായറാഴ്ച ഏകദേശം 18:30ന് ഉദ്യോഗസ്ഥർ കാർ നിർത്തിച്ച് പ്രതികളെ പിടികൂടിയതായും മെട്രോപൊളിറ്റൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സെന്റ് ജോൺസ് വുഡ് ഏരിയയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറഞ്ഞു. വടക്കൻ ലണ്ടനിലെ ഒരു പ്രദേശമാണ് സെന്റ് ജോൺസ് വുഡ്. അത് ഒരു ജൂത സമൂഹത്തിന്റെ ആവാസ കേന്ദ്രമാണ്. പെരുമാറ്റം തീർത്തും ഞെട്ടിക്കുന്നതാണെന്ന് പൊലീസിംഗ് ഓപ്പറേഷന്റെ ചുമതലയുള്ള സൂപ്രണ്ട് ജോ എഡ്വേർഡ്സ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം സെന്റ് ജോൺസ് വുഡ്, ഗോൾഡേഴ്സ് ഗ്രീൻ എന്നിവിടങ്ങളിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

  ബ്രിട്ടനിൽ പ്രതിദിന രോഗവ്യാപനം അടുത്ത മാസത്തോടെ ഒരുലക്ഷം ആയേക്കാം. കടുത്ത ഭീഷണിയായി ഇന്ത്യൻ വേരിയന്റ് . കർശന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

സോഷ്യൽ മീഡിയയിൽ വീഡിയോയെ അപലപിച്ച നിരവധി രാഷ്ട്രീയ നേതാക്കളിൽ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. “നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല,” ജോൺസൺ ട്വീറ്റ് ചെയ്തു. “വിദ്വേഷം പരത്തുന്ന കുറ്റകൃത്യങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും കുറ്റക്കാർ പരിണിത ഫലം നേരിടേണ്ടി വരുമെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ അറിയിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. “ഇസ്രായേലിന്റെ ക്രൂരമായ അക്രമത്തിനും ഫലസ്തീൻ ജനതയെ അടിച്ചമർത്തുന്നതിനും എതിരെ യുകെ സർക്കാർ ആവശ്യമായ നടപടി കൈകൊള്ളണമെന്ന് അവർ ആവശ്യപ്പെട്ടു.