ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചൈനയെ അമിതമായി ആശ്രയിക്കുന്നതിന്റെ ഭാഗമായി യുകെയുടെ ശുദ്ധജല , ഊർജ വിതരണ ശൃംഖലകളിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ സാഹചര്യത്തിൽ ഏകദേശം 90,000 തൊഴിലുകൾ അപകടത്തിലാകാമെന്ന് ഇടതുപക്ഷ ചിന്താ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് (IPPR) മുന്നറിയിപ്പ് നൽകി. വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ബാറ്ററി ഘടകങ്ങളുടെ വിതരണം ഒരു വർഷം തടസപ്പെട്ടാൽ 5.8 ലക്ഷം ഇലക്ട്രിക് കാറുകളുടെ ഉൽപാദനം നിലയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ യുകെയുടെ ശുദ്ധ ഊർജ ലക്ഷ്യങ്ങൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

സോളാർ പാനലുകളും ബാറ്ററികളും എത്തുന്നതിൽ വൈകലുണ്ടായാൽ സോളാർ പാനലുകളുടെ പ്രവർത്തനം പിന്നോട്ട് പോകുമെന്നും, വിലകൂടിയ ഗ്യാസ് വൈദ്യുതോത്പാദനത്തിൽ ആശ്രയിക്കേണ്ടി വരുന്നതോടെ വർഷംതോറും 1.5 ബില്ല്യൺ പൗണ്ടിന്റെ അധിക സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഐ പി പി ആർ ചൂണ്ടിക്കാട്ടി. നിർണായക ഖനിജങ്ങളുടെ 80–90 ശതമാനം ശുദ്ധീകരണവും ചൈനയുടെ നിയന്ത്രണത്തിലാണെന്നത് യുകെയെയും സഖ്യരാജ്യങ്ങളെയും ജിയോപൊളിറ്റിക്കൽ, സാമ്പത്തിക ആഘാതങ്ങൾക്ക് കൂടുതൽ ഇരയാക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇതിനെതിരെ അന്താരാഷ്ട്ര സഹകരണവും നിക്ഷേപവും ശക്തമാക്കുന്ന നയം സ്വീകരിക്കണമെന്ന് ധനകാര്യ മന്ത്രി റേച്ചൽ റീവ്സിനോട് ഐ പി പി ആർ ആവശ്യപ്പെട്ടു. ബാറ്ററികളും ഗ്രീൻ സ്റ്റീലും ഉൾപ്പെടെയുള്ള മേഖലകളിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കണമെന്നും, സഖ്യരാജ്യങ്ങളുമായി ചേർന്ന് സോളാർ ഉപകരണങ്ങളും നിർണായക ഖനിജങ്ങളും സംഭരിക്കാനുള്ള ആഗോള ശേഖരങ്ങൾ രൂപീകരിക്കണമെന്നും ശുപാർശ ചെയ്തു. അതേസമയം, സർക്കാർ വക്താവ് ഇറക്കുമതിയിലുള്ള ആശ്രയം കുറച്ച് ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.











Leave a Reply