ലൂട്ടന്‍: ഓവര്‍ബുക്ക് ചെയ്യപ്പെട്ട യുണൈറ്റഡ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനായ ഡോ. ഡേവിഡ് ദാവോയെ ഇറക്കി വിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ ലൂട്ടന്‍ വിമാനത്താവളത്തിലും സമാനമായ സംഭവമുണ്ടായി. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഇന്ത്യന്‍ വംശജരായ മനോജ്, ഭാര്യ വിധ എന്നിവര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിനാലാണ് ദമ്പതികള്‍ക്ക് വിമാനത്തിനുള്ളില്‍ സീറ്റ് ലഭിക്കാതെ വരാന്‍ കാരണം. സിസിലിയിലെ കറ്റാനിയയിലേക്ക് ഈസ്റ്റര്‍ അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ആറു ദിവസത്തെ യാത്രക്കായി 628 പൗണ്ടിന്റെ ടിക്കറ്റും ഇറ്റാലിയന്‍ ദ്വീപായ കറ്റാനിയയിലെ താമസത്തിന് 1270 പൗണ്ടും ഇവര്‍ ചെലവഴിച്ചിരുന്നു. താമസത്തിനായി നല്‍കിയ തുക തിരികെ കിട്ടുന്നതല്ല. ഏപ്രില്‍ 10നായിരുന്നു ഇവര്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

വിമാനത്തില്‍ കയറിയതിനു ശേഷമാണ് സീറ്റുകള്‍ നിറഞ്ഞിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ തിരികെ ടെര്‍മിനലിലേക്ക് മടങ്ങാനും ബാഗേജ് തിരികെ വാങ്ങാനും ജീവനക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. വളരെ അപമാനകരമായ അവസ്ഥയായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ഐടി കണ്‍സള്‍ട്ടന്റായ മനോജ് പറഞ്ഞു. യുണൈറ്റഡിലെ യാത്രക്കാരനെ വലിച്ചിഴച്ചതുപോലെ ഉണ്ടായില്ലെന്നു മാത്രമേയുള്ളുവെന്നും മനോജ് വ്യക്തമാക്കി.

പകരം സൗകര്യമേര്‍പ്പെടുത്താനും കമ്പനി തയ്യാറായില്ല. ഇത്തരം സംഭവങ്ങളില്‍ കാരണങ്ങള്‍ വിശദമാക്കുകയും നഷ്ടപരിഹാരം നല്‍കുകയുമൊക്കെ പതിവുണ്ട്. മറ്റു വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. ഈ ചട്ടങ്ങളെല്ലാം ഈസിജെറ്റ് ലംഘിച്ചതായി മനോജ് പറയുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന കമ്പനി ജീവനക്കാര്‍ നഷ്ടപരിഹാരത്തേക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളോട് പറഞ്ഞില്ല. യാത്ര റദ്ദായതിനാല്‍ ഇറ്റലിയില്‍ നിന്ന് കറ്റാനിയയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റും ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. നാല് ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക് വേറൊരു ഫ്‌ളൈറ്റ് ലഭിക്കുമായിരുന്നുള്ളു. അതിനാല്‍ അവധിക്കാല യാത്രതന്നെ തങ്ങള്‍ക്ക് നഷ്ടമായെന്ന് ദമ്പതികള്‍ പറഞ്ഞു.