ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സാ പിഴവുകൾ നടത്തിയതിനെ തുടർന്ന് യുകെയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി നേഴ്സിനെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) നടത്തിയ വിശദമായ അന്വേഷണത്തിലാണ് നേഴ്സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും രോഗി പരിചരണത്തിൽ ആവശ്യമായ ശ്രദ്ധ കാണിക്കാത്തതുമാണ് നടപടി എടുക്കാൻ കാരണമായത്.
കഴിഞ്ഞ വർഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്. രോഗികൾക്ക് നൽകേണ്ട മരുന്നിന്റെ അളവിൽ പിഴവ് സംഭവിച്ചതായും, നിശ്ചിത സമയത്ത് മരുന്ന് നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ‘പേഷ്യന്റ് നോട്ടിസിൽ’ രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചതായും കണ്ടെത്തി.
ഈ വീഴ്ചകൾ നേഴ്സിംഗ് തൊഴിൽ മേഖലയിലെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ നേഴ്സ് പരാജയപ്പെട്ടത് ഗുരുതരമായ പ്രൊഫഷണൽ മിസ്‌കണ്ടക്ട് ആണെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 മാസത്തെ സസ്പെൻഷൻ ശിക്ഷ വിധിച്ചത്.
സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് ശേഷം നേഴ്സിന് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. എന്നാൽ അതിന് മുമ്പ് ആവശ്യമായ ക്ലിനിക്കൽ റിഫ്രെഷർ ട്രെയിനിംഗ് പൂർത്തിയാക്കുകയും, താൻ ചെയ്ത പിഴവുകൾ തിരുത്തിയതായി എൻഎംസി പാനലിനെ ബോധ്യപ്പെടുത്തുകയും വേണം. എൻഎംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവകാശവും നേഴ്സിനുണ്ട്.










Leave a Reply