ന്യൂസ് ഡെസ്ക് മലയാളം യുകെ

സോളിഹൾ : സോളിഹളിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2020 ജൂണിൽ രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനിരയായാണ് ആർതർ ലാബിഞ്ഞോ ഹ്യൂസ് (6) കൊല്ലപ്പെട്ടത്. കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയതിൽ പിതാവ് തോമസ് ഹ്യൂസും രണ്ടാനമ്മ എമ്മ ടസ്റ്റിനും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഉപ്പിൽ വിഷം ചേർത്ത് നൽകിയതിന് ശേഷം കുട്ടിയുടെ തല തറയിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എമ്മ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. പിതാവ് ഹ്യൂസ് നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് കവൻട്രി ക്രൗൺ കോടതി വിധിച്ചു.

കൊലപാതകത്തിന് മുമ്പ് കുട്ടിയെ വീട്ടിൽ പട്ടിണിക്കിട്ടു. പതിവായി മർദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. രണ്ടാനമ്മയുടെ ക്രൂരതയാണ് കുട്ടിയുടെ ജീവൻ അപഹരിച്ചതെതെന്ന് കോടതി വ്യക്തമാക്കി. വിധി പ്രസ്താവിക്കാൻ ആറ് മണിക്കൂറും 15 മിനിറ്റും എടുത്ത ജൂറി അംഗങ്ങൾ, ആർതറിന്റെ ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ റെക്കോർഡുചെയ്‌ത ഓഡിയോ,വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചു. ആർതർ ക്രൂര മർദനത്തിന് ഇരയായെന്ന് ഈ തെളിവുകളിൽ നിന്നും വ്യക്തമായി.

“ആരും എന്നെ സ്നേഹിക്കുന്നില്ല” എന്ന് പറഞ്ഞു ആർതർ കരയുന്നത് ഒരു ഓഡിയോ ക്ലിപ്പിൽ കേൾക്കാം. “എനിക്കാരും ഭക്ഷണം നൽകുന്നില്ല” എന്ന് പറഞ്ഞുള്ള ആർതറിന്റെ നിലവിളി മറ്റൊന്നിൽ കേൾക്കാം. രണ്ടാനമ്മ കുട്ടിയോട് ക്രൂരത കാട്ടി ആസ്വദിക്കുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർ ജോനാസ് ഹാൻകിൻ ക്യുസി പറഞ്ഞു. നിഷ്ഠൂരമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ കോടതി കുറ്റക്കാരായ ദമ്പതികളെ ‘ദയയില്ലാത്തവർ’ എന്നാണ് വിശേഷിപ്പിച്ചത്. 2019 ഫെബ്രുവരിയിൽ ബർമിംഗ്ഹാമിൽ 29 കാരനായ ഡെലിവറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആർതറിന്റെ അമ്മ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.