ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശത്ത് നിന്ന് എത്തിയ കെയർ തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ വെയിൽസിൽ ആദ്യമായി കാർഡിഫ് സിറ്റി കൗൺസിൽ ‘മൈഗ്രന്റ് കെയർ വർക്കേഴ്സ് ചാർട്ടർ’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാർട്ടർ, കെയർ മേഖലയിൽ നിലനിൽക്കുന്ന അനീതികൾ അവസാനിപ്പിക്കാനും തൊഴിൽ നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡൻഷ്യൽ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗൺസിൽ ആശ്രയിക്കുന്നത്.
വിസാ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴിൽ നിബന്ധനകൾ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാർട്ടറിനെ കൗൺസിൽ കാണുന്നത്. കൗൺസിൽ കരാർ നൽകുന്ന കെയർ സ്ഥാപനങ്ങൾ സുതാര്യവും നൈതികവുമായ നിയമന നടപടികൾ പാലിക്കണം. കുറഞ്ഞത് ‘റിയൽ ലിവിംഗ് വേജ്’ ശമ്പളം നൽകണം, യാത്രാസമയം, കാത്തിരിപ്പ് സമയം, നിർബന്ധ പരിശീലനം എന്നിവയ്ക്ക് പൂർണമായും ശമ്പളം ഉറപ്പാക്കണം. അനധികൃത റിക്രൂട്ട്‌മെന്റ് ഫീസ് തുടങ്ങിയ ചൂഷണങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.

ചാർട്ടർ പാലിക്കപ്പെടുന്നുണ്ടോയെന്ന് കൗൺസിൽ നിരീക്ഷിക്കുകയും, വിസ റദ്ദാക്കൽ ഭീഷണിയിലൂടെയോ നാടുകടത്തൽ ഭീഷണിയിലൂടെയോ തൊഴിലാളികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സ്ഥിരതയുള്ള ജോലി സമയവും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുക, പരാതികൾ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം ഒരുക്കുക, ട്രേഡ് യൂണിയനുകളുമായി സഹകരിക്കുക തുടങ്ങിയതും ചാർട്ടറിന്റെ ഭാഗമാണ്. ഇത് വെയിൽസിലെ കെയർ മേഖലയ്ക്ക് പുതിയ മാനദണ്ഡമാകുമെന്ന് കാർഡിഫ് കൗൺസിൽ നേതൃത്വം വ്യക്തമാക്കി.

അനേകം മലയാളികൾ ആണ് യുകെയിലെ കെയർ മേഖലയിലെ ജോലി ചെയ്യുന്നത്. അവരുടെ സേവനം ആരോഗ്യ-സാമൂഹ്യ പരിപാലന രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നത്. ഇത്തരത്തിലുള്ള സംരക്ഷണ നടപടികളും ചാർട്ടറുകളും കാർഡിഫിൽ മാത്രം ഒതുക്കാതെ, യുകെയിലുടനീളം നടപ്പാക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്. ഇത് നടപ്പായാൽ വിദേശ കെയർ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് മലയാളികൾക്ക്, കൂടുതൽ സുരക്ഷയും മാന്യതയും ഉറപ്പാക്കാനാകും.











Leave a Reply